ദുബായ്: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പുരസ്‌കാരം അഞ്ചാം തവണയും നേടി ദുബായിലെ മലയാളി വിദ്യാര്‍ഥിനി. കോഴിക്കോട് സ്വദേശിനിയായ കുന്നത്ത് പടിഞ്ഞാറേതില്‍ വീട്ടില്‍ അനുപമ ആണ് ഇന്ത്യക്ക് അഭിമാനമായ നേട്ടം കൈവരിച്ചത്. 

To advertise here,

വിദ്യാഭ്യാസ മികവിന് ദുബായ് ഭരണകൂടത്തിന്റെ പരമോന്നത പുരസ്‌കാരമാണ് ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ പ്രൗഢമായ പുരസ്‌കാര ദാന ചടങ്ങില്‍ അനുപമ ഏറ്റുവാങ്ങിയത്. വേദിയില്‍ അനുപമയുടെ പേര് മുഴങ്ങിയപ്പോള്‍ അതൊരു പുതിയ ചരിത്രം കൂടിയായി. ഷാര്‍ജ ജെംസ് മില്ലേനിയം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് അനുപമ. പാഠ്യേതര മേഖലയിലെ മികവ് കൂടി പരിഗണിച്ചാണ് അനുപമയ്ക്ക് പുരസ്‌കാരം. 

2023-2024 ല്‍ ഷാര്‍ജ വിദ്യാഭ്യാസ മികവിനുള്ള പുരസ്‌കാരം, 2021-2022 ല്‍ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം പുരസ്‌കാരം, 2019-2020 ല്‍ ഷാര്‍ജ വിദ്യാഭ്യാസ പുരസ്‌കാരം, 2017-2018 ലും ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട് അനുപമ. 2024-2025 ല്‍ ജെംസ് മില്ലേനിയം സ്‌കൂളിലെ ഹെഡ് ഗേള്‍ ആയും അനുപമ തിരഞ്ഞെടുക്കപ്പെട്ടു. 

അറബി ഭാഷയോടുള്ള താത്പര്യാര്‍ഥം അറബി പഠനത്തിനായി അലിഫ്‌ഫോര്‍അറബിക് എന്ന ഓണ്‍ലൈന്‍ ലേണിഗ് മാനേജ്‌മെന്റ് സംവിധാനം (വെബ്‌സൈറ്റ്) നിര്‍മ്മിച്ചതിനും ആദരവ് ഏറ്റുവാങ്ങിയിരുന്നു. അനുപമയുടെ നേതൃത്വത്തിലുള്ള റോബോട്ടിക്‌സ് ടീം ദേശീയ തലത്തിലുള്ള ഫസ്റ്റ് ലെഗോ ലീഗ് ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അമേരിക്കയില്‍ നടന്ന ഇന്റര്‍നാഷണല്‍ റൗണ്ടില്‍ ലോകത്ത് ഏഴാം സ്ഥാനവും നേടി. 

സ്‌കൂളില്‍ നിന്ന് ഉപേക്ഷിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുക എന്ന ആശയം നടപ്പാക്കിയിട്ടുണ്ട് ഈ മലയാളി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ആണ് ഈ ആശയം നടപ്പാക്കിയത്. നിലവില്‍ ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവിദ്യാര്‍ഥിയാണ് അനുപമ. രക്ഷാകര്‍ത്താക്കളായ ഹരിദാസ് എ.കെ, അമൃതകുമാരി എം.കെ എന്നിവര്‍ക്കൊപ്പം ഷാര്‍ജയിലാണ് താമസം.