ദുബായിലെ വാഹനാപകടം

To advertise here,

ദുബായ് : ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ് കാൽ മുറിച്ചുമാറ്റേണ്ടിവന്ന മലയാളി യുവാവിന് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ കോടതിവിധി. തിരുവനന്തപുരം വർക്കല സ്വദേശി സുധീറിനാണ് (38) നഷ്ടപരിഹാരം നൽകാൻ വിധിയായത്.

15 വർഷമായി ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു സുധീർ. 2025 മേയിലാണ് വാഹനാപകടത്തിൽ ഇടതുകാലിന് സാരമായി പരിക്കേറ്റത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ഒരു നടപ്പാതയിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു. വൈദ്യുത പോസ്റ്റിൽ ഇടിച്ച് സുധീറിന്റെ ഇടതുകാൽ ചതഞ്ഞു.

ജബൽഅലി എൻ.എം.സി. റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ഇടതുകാൽ മുട്ടിന് താഴെവെച്ച് പിന്നീട് മുറിച്ചുമാറ്റേണ്ടി വന്നു. തുടർന്നാണ് ദുബായിലെ ആയിഷ അൽ ദഹേരി അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന ദുബായ് കോടതിയിൽ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്തത്.

രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിന് പത്തുലക്ഷം ദിർഹം (ഏകദേശം 2.61 കോടി) നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ടാണ് ആയിഷ അൽദഹേരി അഡ്വക്കേറ്റ്‌സ് ദുബായ് കോടതിയിൽ ഇൻഷുറൻസ് കമ്പനിക്കെതിരേ കേസ് ഫയൽ ചെയ്തത്. പ്രാഥമികകോടതി നാലു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഈ വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. തുടർന്ന് അപ്പീൽ കോടതി ആറു ലക്ഷം ദിർഹമായി നഷ്ടപരിഹാരം വർധിപ്പിച്ചു.

ഈ തുകയും കോടതിച്ചെലവും സഹിതം 6,55,341 ദിർഹം (17,13,1131 രൂപ) ഇൻഷുറൻസ് കമ്പനിയിൽനിന്ന് കഴിഞ്ഞദിവസം ലഭിച്ചു.

എന്നാൽ ഈ തുക മതിയായ നഷ്ടപരിഹാരമാകില്ലെന്ന് ചൂണ്ടിക്കാട്ടി ദുബായ് സുപ്രീംകോടതിയിൽ വീണ്ടും അപ്പീൽ ഫയൽ ചെയ്തതായി അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.