ദുബായ് : ആറുവർഷംനീണ്ട നവീകരണ പ്രവർത്തനത്തിനുശേഷം ചരിത്രപ്രസിദ്ധമായ അൽ ഫാഹിദി കോട്ട വ്യാഴാഴ്ച വീണ്ടും സന്ദർശകർക്കായി തുറന്നുനൽകി. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ ഏറ്റവും പഴക്കമുള്ള ചരിത്ര ലാൻഡ്മാർക്കുകളിലൊന്നാണിത്. 16.5 മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഭൂഗർഭ മ്യൂസിയം ഉൾപ്പെടെ ഒട്ടേറെ സവിശേഷതകൾ കോട്ടയിലുണ്ട്.

To advertise here,

ചരിത്രകെട്ടിടത്തിന് കേടുപാടുകൾ വരുത്താതെയാണ് പുതിയ മൂന്നുനില ഭൂഗർഭ മ്യൂസിയം നിർമിച്ചത്. 1787-ൽ നിർമിച്ച കോട്ടയിൽ നിലവിൽ ആറ് പ്രധാന ഗാലറികളിലായി 8000 വർഷത്തിലേറെ പഴക്കമുള്ള ഒട്ടേറെ ചരിത്രരേഖകളുണ്ട്. സൈനിക ശേഖരങ്ങൾ, ആയുധങ്ങൾ, പുരാവസ്തുക്കൾ എന്നിവയുടെ വിപുലമായശേഖരം പ്രദർശനത്തിലുണ്ട്. ദ വോൾട്ട് എന്ന സംവേദനാത്മക ഗാലറിയാണ് മ്യൂസിയത്തിലെ പ്രധാന സവിശേഷത. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വ്യക്തിഗത സൈനികശേഖരം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. യൂണിഫോം, ആശയവിനിമയ ഉപകരണങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.