ഡെലിവറി റൈഡർമാർക്കായി റോഡ് സുരക്ഷാ ബോധവത്കരണം
ദുബായ് : റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് പോലീസ് നടപ്പാക്കി വരുന്ന 'അപകടരഹിത വേനൽ' കാംപെയ്‌ന്റെ ഭാഗമായി 167 ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 'സോൺ' കമ്പനിയിലെ റൈഡർമാർക്കായാണ് ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കും ദുബായിലെ പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്‌സും സംയുക്തമായി ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചത്.
ദിവസത്തിൽ ദീർഘനേരം റോഡിൽ ചെലവഴിക്കുന്ന മേഖലയായതിനാൽ ഡെലിവറി ഡ്രൈവർമാരുടെ സുരക്ഷയ്ക്ക് അതോറിറ്റി വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ പറഞ്ഞു. ഡ്രൈവർമാരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നിശ്ചിത വേഗം പരിധി പാലിക്കുക, ബൈക്കുകൾക്കായി വേർതിരിച്ചിട്ടുള്ള ലെയ്‌നുകൾ മാത്രം ഉപയോഗിക്കുക, മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ശില്പശാലയിൽ വിശദീകരിച്ചു. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങളും ശ്രദ്ധതിരിച്ചുള്ള ഡ്രൈവിങ്ങും ഒഴിവാക്കണം. നിർദിഷ്ട ഹെൽമറ്റുകളും സുരക്ഷാ വസ്ത്രങ്ങളും ധരിക്കണമെന്നും, ബാലൻസ് നഷ്ടപ്പെടാത്ത രീതിയിൽ ഡെലിവറി ബോക്സുകൾ ഉറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു.
വേനൽക്കാലത്ത് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലായതിനാൽ ടയറുകൾ, ബ്രേക്കുകൾ, ഓയിൽ ലെവൽ എന്നിവ പതിവായി പരിശോധിക്കണം.
ക്ഷീണം തോന്നുമ്പോൾ ഡ്രൈവിങ് തുടരരുത്. ഡെലിവറികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനേക്കാൾ പ്രധാനം സ്വന്തം ജീവന്റെയും റോഡിലുള്ള മറ്റുള്ളവരുടെയും സുരക്ഷയ്ക്കാണ് നൽകേണ്ടതെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ പറഞ്ഞു. ഡിജിറ്റൽ മാർഗനിർദേശങ്ങൾക്കായി ദുബായ് പോലീസിന്റെ ട്രാഫിക് സേഫ്റ്റി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താനും റൈഡർമാരോട് ആവശ്യപ്പെട്ടു.
Published: 04 Oct 2026, 01:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented