ദുബായ് : സുരക്ഷാ നിബന്ധനകൾ ലംഘിച്ച് സർവീസ് നടത്തിയ 408 ഇലക്‌ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. ദുബായിലെ ദേര ഗോൾഡ് സൂക്ക് മേഖലയിൽ ഗതാഗതസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
കാൽനടയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും അപകട ഭീഷണിയുയർത്തുന്നരീതിയിൽ വാഹനം ഓടിച്ചവർക്കെതിരേ കടുത്ത നിയമനടപടികൾ സ്വീകരിച്ചു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് നായിഫ് പോലീസ് സ്റ്റേഷൻ നടത്തിയ മിന്നൽ പരിശോധനയിൽ 300 ഇലക്‌ട്രിക് സ്കൂട്ടറുകൾ, 50 ഇലക്‌ട്രിക് ബൈക്കുകൾ, 58 സാധാരണ സൈക്കിളുകൾ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.
റോഡപകടങ്ങൾ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പരിശോധനകൾക്കൊപ്പംതന്നെ വിപുലമായ ബോധവത്കരണ പരിപാടികളും പോലീസ് നടത്തി. മേഖലയിലെ 932 ഡ്രൈവർമാർക്കും തൊഴിലാളികൾക്കും ബോധവത്കരണം നൽകുകയും സുരക്ഷാ ഹെൽമറ്റുകളും റിഫ്ലക്ടീവ് ജാക്കറ്റുകളും വിതരണംചെയ്യുകയും ചെയ്തു. ഇ-സ്കൂട്ടറുകളും സൈക്കിളുകളും അവയ്ക്കായി നിർദേശിച്ചിട്ടുള്ള പ്രത്യേക ട്രാക്കുകളിൽ മാത്രമായിരിക്കണം ഓടിക്കേണ്ടതെന്ന് നായിഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ ആശൂർ ഓർമ്മിപ്പിച്ചു.
അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗതാഗത തടസ്സങ്ങൾക്കും വലിയ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published: 06 Oct 2026, 01:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented