അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം എന്നിവർ എക്സിലൂടെ പുതുവത്സരാശംസകൾ നേർന്നു.

To advertise here,

എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നതായി ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ എക്സിൽ കുറിച്ചു. നല്ല ഭാവിക്കായി ഐക്യത്തോടെ പ്രവർത്തിക്കുമ്പോൾ യു.എ.ഇ.യിലും ലോകമെമ്പാടുമുള്ള ആളുകളുടെ സമാധാനത്തിനും പുരോഗതിക്കുമായി ഒന്നിച്ച് പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർഷവും ലോകത്ത് ശാന്തിയും സമാധാനവുമുണ്ടായിരിക്കട്ടെയെന്നും മനുഷ്യരാശി പുതിയ ചക്രവാളങ്ങളിലേക്ക് മുന്നേറട്ടെയെന്നും ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. കഴിഞ്ഞവർഷം എമിറേറ്റ്സ് അതിന്റെ എല്ലാ സൂചകങ്ങളിലും ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടുതൽ ശുഭാപ്തിവിശ്വാസത്തോടെയും വലിയ അഭിലാഷങ്ങളോടെയും ദൃഢനിശ്ചയത്തോടെയും 2025-നെ സ്വാഗതംചെയ്യുന്നതായും ശൈഖ് മുഹമ്മദ്‌ പറഞ്ഞു.