ഷാര്‍ജ: യു.എ.ഇ. യില്‍ അന്തരീക്ഷ താപനില കുറഞ്ഞതോടെ കളിക്കളങ്ങളില്‍ ആരവങ്ങളുയര്‍ന്നുതുടങ്ങി. പ്രവാസി സംഘടനകള്‍ വിവിധ മത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചതോടെയാണ് കായികരംഗം സജീവമായത്.

To advertise here,

മത്സരങ്ങള്‍ സംഘടിപ്പിക്കുന്നവരും കളിക്കളങ്ങളില്‍ അണിനിരക്കുന്നവരുമായ പ്രവാസികളിലേറെയും മലയാളികളാണ്. മികച്ച സമ്മാനത്തുകകളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ മത്സരങ്ങളാണ് കൂടുതലും.

അടുത്തിടെയായി ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും യു.എ.ഇ. വേദിയാകുന്നുണ്ട്. കാണികളെ ആവേശഭരിതരാക്കാനും കപ്പ് ഉറപ്പാക്കാനുമായി മലയാളികളുടെ നേതൃത്വത്തിലുള്ള ടീമുകളില്‍ അന്താരാഷ്ട്ര കളിക്കാരെയിറക്കിയാണ് മത്സരങ്ങള്‍ ഗംഭീരമാക്കുന്നത്. ഒറ്റദിവസത്തെ മത്സരങ്ങളും മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ലീഗ് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

മത്സരങ്ങളില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്നെത്തുന്ന ഒരു താരത്തിന് ചുരുങ്ങിയത് 30,000 രൂപയെങ്കിലും പ്രതിഫലം നല്‍കേണ്ടിവരുമെന്ന് ദുബായിലെ സംഘാടകനും വോളിബോള്‍ പരിശീലകനുമായ കണ്ണൂര്‍ സ്വദേശി ബാബു പിതാംബരന്‍ പറഞ്ഞു.

രാജ്യം ശീതകാലത്തിലേക്ക് പ്രവേശിക്കുന്നതോടെ കോളേജ് അലംനൈകളടക്കമുള്ള കൂട്ടായ്മകളാണ് കായികമത്സരങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയത്. പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജ് അലംനൈ വര്‍ഷങ്ങളായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വനിതകള്‍ക്കുമാത്രമായും യു.എ.ഇ.യില്‍ വിവിധ മത്സരങ്ങള്‍ നടത്താറുണ്ട്.

കുട്ടികള്‍ക്കായി കൂടുതലും ഫുട്‌ബോള്‍ മത്സരങ്ങളാണ് നടത്താറുള്ളത്.