ഷാർജ : പത്ത് വർഷമായി ദുരിതംപേറുന്ന കോട്ടയം സ്വദേശിനി സൗദ നിയമസഹായത്തിലൂടെ നാട്ടിലേക്ക്.

To advertise here,

പ്രവാസി ഇന്ത്യാ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുടെ മോണിറ്ററിങ് കമ്മിറ്റി കൺവീനറായ അഡ്വ.അസീസ് തോലേരിയുടെ ഇടപെടലിൽ നിയമസഹായം ലഭിച്ചതോടെയാണ് സൗദയുടെ ദുരിതത്തിന് വിരാമമായത്.

2014- ൽ തൃശ്ശൂർ സ്വദേശിയായ ഏജന്റാണ് സൗദയെ കബളിപ്പിച്ചത്. നാട്ടിൽനിന്ന് 31,000 രൂപയും യു.എ.ഇ. യിലെത്തിയശേഷം 6,500 ദിർഹവും സൗദയിൽനിന്ന് ഏജന്റ് കൈപ്പറ്റിയതായി അഡ്വ.അസീസ് തോലേരി പറഞ്ഞു.

ഷാർജയിൽ ഇമിറാത്തി വീട്ടിലെ വിസയെന്നപേരിൽ സൗദയ്ക്ക് എൻട്രി പെർമിറ്റ് മാത്രമായിരുന്നു നൽകിയത്.

ഷാർജയിലെത്തിയശേഷം പാസ്പോർട്ടിൽ വിസ പതിപ്പിക്കുകയോ വാഗ്ദാനം ചെയ്ത ജോലി നൽകുകയോ ഉണ്ടായില്ല. പിന്നീട് ഏജന്റിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

പാസ്പോർട്ടും സൗദയുടെ കൈവശമുണ്ടായില്ല. അതോടെ സൗദ ദുരിതത്തിലായി. അസുഖവും സാമ്പത്തിക പ്രയാസവും ജീവിത പ്രതിസന്ധിക്ക് ആക്കംകൂട്ടി.

പിൽസ് ദുബായിൽ സംഘടിപ്പിച്ച പ്രവാസി നീതിമേളയിലൂടെയാണ് ഇവരുടെ ദുരിതം നിയമസഹായ സമിതിയുടെ ശ്രദ്ധയിൽപ്പെട്ടത്.

അഡ്വ.നജ്മുദ്ദീൻ, അഡ്വ.മുഹമ്മദ് സാജിദ്, മോഹൻ എസ് വെങ്കിട്ട്, അഡ്വ.ഗിരിജ എന്നിവരും സൗദയ്ക്ക് നിയമസഹായത്തിനുണ്ടായിരുന്നു. തിങ്കളാഴ്ച സൗദ നാട്ടിലേക്ക് മടങ്ങും.