അബുദാബി: യു.എ.ഇ.യില്‍ ഗതാഗതനിയമങ്ങള്‍ പരിഷ്‌കരിച്ചു. ഇനി 17 വയസ്സുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാം. യു.എ.ഇ. സര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. നേരത്തെ 17 വയസ്സും ആറുമാസവും പിന്നിട്ടവര്‍ക്കേ യു.എ.ഇ.യില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ.

To advertise here,

ഇതിനുപുറമേ മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്കെതിരേ ക്രിമിനല്‍ക്കേസ് ചുമത്തും. അപകടം ഒഴിവാക്കാനല്ലാതെ നഗരങ്ങളില്‍ കാര്‍ ഹോണ്‍ മുഴക്കാന്‍ അനുവദിക്കില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യു.എ.ഇ. അടുത്തവര്‍ഷം മാര്‍ച്ച് 29 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകും.

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുക, മദ്യപിച്ച് വാഹനമോടിക്കുക എന്നിവയുള്‍പ്പെടെ ഒട്ടേറെ നിയമലംഘനങ്ങള്‍ക്ക് രണ്ടുലക്ഷം ദിര്‍ഹംവരെ പിഴയും ചുമത്തും. നിയുക്തപാതകളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് നിലവില്‍ 400 ദിര്‍ഹമാണ് പിഴ.

മണിക്കൂറില്‍ 80 കിലോമീറ്ററോ അതില്‍ കൂടുതല്‍ വേഗപരിധിയോ ഉള്ള റോഡുകള്‍ മുറിച്ചുകടക്കുന്നതുവഴി അപകടമുണ്ടാക്കിയാല്‍ പുതിയ നിയമപ്രകാരം 5000 മുതല്‍ 10,000 ദിര്‍ഹംവരെ പിഴയും ജയില്‍ശിക്ഷയും ലഭിക്കും.

മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് രണ്ടുലക്ഷം ദിര്‍ഹംവരെ പിഴയും ജയില്‍ശിക്ഷയും ലഭിക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശനനടപടികളും സ്വീകരിക്കും.

അപകടകരമായ വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് പ്രത്യേക അനുമതി നിര്‍ബന്ധമാണ്. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങളിലൂടെ വാഹനമോടിച്ചാലും കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരും.

അപകടമുണ്ടാക്കിയശേഷം വാഹനം നിര്‍ത്താതെപോയാല്‍ 50,000 ദിര്‍ഹംമുതല്‍ ലക്ഷം ദിര്‍ഹംവരെ പിഴയും രണ്ടുവര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും ലഭിക്കും. അപകടവിവരം പോലീസില്‍ അറിയിക്കാതിരിക്കുക, കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുക, പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഒളിച്ചോടുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും ശിക്ഷ ബാധകമാണ്.

റദ്ദാക്കപ്പെട്ട ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 10,000 ദിര്‍ഹം പിഴയും മൂന്നുമാസംവരെ തടവും ലഭിക്കും. യു.എ.ഇ. അംഗീകരിക്കാത്ത വിദേശഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് 2000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹംവരെയാണ് പിഴ. ഇരു നിയമലംഘനങ്ങളും ആവര്‍ത്തിച്ചാല്‍ പിഴ 5000 ദിര്‍ഹംമുതല്‍ 50,000 ദിര്‍ഹം വരെയാകും.

സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരില്‍നിന്ന് ആദ്യത്തെ തവണ 5000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹംവരെ പിഴയീടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 20,000 ദിര്‍ഹംമുതല്‍ ഒരുലക്ഷം ദിര്‍ഹംവരെയായി ഉയരും. ഡ്രൈവറുടെ അശ്രദ്ധമൂലം വാഹനാപകടത്തില്‍ ഒരു വ്യക്തി മരണപ്പെട്ടാല്‍ 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ജയില്‍ശിക്ഷയും ലഭിക്കും. നമ്പര്‍ പ്ലേറ്റുകള്‍ ദുരുപയോഗംചെയ്താല്‍ തടവ് ശിക്ഷയോടൊപ്പം 20,000 ദിര്‍ഹം പിഴചുമത്തുമെന്നും അധികൃതര്‍ വിശദീകരിച്ചു.