ഷാര്‍ജ: സ്വന്തം നാട്ടിലൊരു വീട് എന്ന ആശയവുമായി മാതൃഭൂമി ഡോട് കോം ക്രെഡായിയുടെ സഹകരണത്തോടെ ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോ ഇന്ന് (ഞായറാഴ്ച) സമാപിക്കും. ശനിയാഴ്ചയാണ് ഷാര്‍ജ അല്‍ തവാനൂനിലെ എക്സ്പോ സെന്റര്‍ ഹാള്‍ നമ്പര്‍ അഞ്ചില്‍ എട്ടാമത് പ്രോപ്പര്‍ട്ടി എക്സ്പോ ആരംഭിച്ചത്. ആദ്യദിവസം തന്നെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ ഇഷ്ടവീടുകള്‍ക്കായി എക്സ്പോ സന്ദര്‍ശിച്ചു.

To advertise here,

കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലും ഫ്ലാറ്റുകള്‍ക്കായി എക്സ്പോയുടെ ആദ്യദിവസം തന്നെ ആവശ്യക്കാരെത്തി. സ്വന്തം ജില്ലയില്‍ത്തന്നെയാണ് ഭൂരിഭാഗം കുടുംബങ്ങളും ഫ്ലാറ്റുകളും വില്ലകളും തേടുന്നതെന്നതും പ്രത്യേകതയാണ്. ബില്‍ഡര്‍മാര്‍ക്കും പ്രവാസികള്‍ക്കും ഒരേപോലെ തൃപ്തി നല്‍കും വിധമാണ് മാതൃഭൂമി ഡോട് കോം ക്രെഡായി സഹകരണത്തില്‍ പ്രോപ്പര്‍ട്ടി എക്സ്പോ സംഘടിപ്പിച്ചത്. പ്രോപ്പര്‍ട്ടി എക്സ്പോയുടെ ഭാഗമായി ശനിയാഴ്ച രാവിലെ മുതല്‍ കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളും അനുബന്ധമായി സംഘടിപ്പിച്ചുതുടങ്ങി.

ഷാര്‍ജ എക്സ്പോ സെന്ററില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു ഉദ്ഘാടനചടങ്ങ്. വെര്‍ടെക്സ് ഡൈനാമിക്സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെയര്‍മാനും, മാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ മൊഹമ്മദ് ജാസിം എക്സ്പോ ഉദ്ഘാടനം ചെയ്തു. ക്രെഡായി കേരള എക്സ്പോ ചെയര്‍മാന്‍ ജോണ്‍ തോമസ്, ക്രെഡായി തൃശ്ശൂര്‍ പ്രസിഡന്റ് രാജീവ്, ക്രെഡായി കേരളാ സെക്രട്ടറി ജനറല്‍ അഡ്വ.ചെറിയാന്‍ ജോണ്‍, മാതൃഭൂമി ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) കെ.ആര്‍ പ്രമോദ്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍, മാതൃഭൂമി ജി.സി.സി. ജനറല്‍ മാനേജര്‍ പി.എസ്. ശ്രീകുമാര്‍, ഡിജിറ്റല്‍ മീഡിയാ സൊലൂഷന്‍സ് മാനേജര്‍ ദീപ്തി എസ്. പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നൂറുകണക്കിന് പ്രവാസികളാണ് പ്രോപ്പര്‍ട്ടി എക്സ്പോയുടെ ആദ്യദിനത്തിലെത്തിയത്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും വീടുകള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നു.