മസ്‌കറ്റ് : മലയാളം ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'മലയാളസന്ധ്യ' എന്ന പേരിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നടൻ ജയരാജ് വാര്യർ നിർവ്വഹിച്ചു. മാതൃഭാഷയോടുള്ള സ്‌നേഹവും കേരളത്തിന്റെ കവിതകളും കഥകളും സമ്പന്നമായ പാരമ്പര്യവും പുതുതലമുറയ്ക്ക് പകർന്നു നൽകേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും ചടങ്ങിൽ ആശംസ പ്രസംഗം നടത്തിയ സാമൂഹിക പ്രവർത്തകൻ സി. എം. നജീബ് വിശദീകരിച്ചു. മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ സദാനന്ദൻ എടപ്പാൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് ആമുഖപ്രസംഗം നടത്തി. രാജൻ വി. കോക്കൂരി സ്വാഗതവും മനോഹരൻ ചെഗ്ലായി നന്ദിയും പറഞ്ഞു.
മലയാളം ഒമാൻ ചാപ്റ്റർ വർഷംതോറും നൽകിവരാറുള്ള 2026-ലെ 'അക്ഷര പ്രതിഭാ പുരസ്‌കാരം' ഒമാനിലെ പ്രമുഖ സാഹിത്യകാരൻ കെ. ആർ. പി. വള്ളിക്കുന്നത്തിന് ചടങ്ങിൽ വെച്ച് ജയരാജ് വാര്യർ സമ്മാനിച്ചു. അഫ്‌സൽ ബഷീർ രചിച്ച 'പ്രവാസത്തിലെ കവിതകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. കലാ-സാഹിത്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി മേഘന ഹരി, അശോകൻ വള്ളികാവ്, അപർണ മണ്ണൂർ, ചിത്ര ഷൈൻ, മനു സൈമൺ ഫിലിപ്പ് എന്നിവരെ സ്‌നേഹാദരവ് നൽകി ആദരിച്ചു. ഒമാനിലെ ജീവകാരുണ്യ പ്രവർത്തകൻ ഇബ്രാഹിം ഒറ്റപ്പാലം, സരസ്വതി മനോജ്, ജയശങ്കർ എ. കെ. എന്നിവർക്കും ചടങ്ങിൽ പ്രത്യേക ആദരം നൽകി. തുടർന്ന് ഓംകാര നൃത്തവിദ്യാലയം അവതരിപ്പിച്ച മനോഹരമായ നൃത്തശില്പവും, ശ്രീഹരി രമേശിന്റെ കവിതാ ആലാപനവും, സുഭാഷ് ചന്ദ്രന്റെ നോവലിനെ ആസ്പദമാക്കി രാജൻ വി. കോക്കൂരി അവതരിപ്പിച്ച ഓഡിയോ സ്റ്റോറിയും അരങ്ങേറി.

 

To advertise here,