
തെയ്യം വടക്കേ മലബാറുകാരുടെ വികാരമാണ്. അവരുടെ ജീവിതാനുഷ്ഠാനങ്ങളില്‍, ആചാരങ്ങളില്‍ തെയ്യങ്ങള്‍ക്കുള്ള സ്ഥാനം ഏറ്റവും മുന്നിലാണ്. ആടയാഭരണങ്ങളും ദേവമുദ്രകളായി കണക്കാക്കുന്ന അണിയലങ്ങളും ഉടയാടകളും മുഖത്തെഴുത്തും മേക്കെഴുത്തുമായി ചെന്തീപ്രഭയില്‍ ചിലമ്പൊച്ചകളില്‍ തിളങ്ങുന്ന തെയ്യങ്ങള്‍ വിശ്വാസങ്ങളുടെ ഭാഗം. ആദിമനുഷ്യര്‍ അതിജീവനവും പ്രതിരോധവുമായി ജീവിച്ചുമരിച്ച അടയാളങ്ങളാണ് പല തെയ്യങ്ങളും. അതിനാല്‍ തെയ്യംകെട്ട് കേവലമൊരു കല മാത്രമല്ല, പൊരുതി ജയിച്ചവരുടെയും തോറ്റവരുടെയും പ്രതിരൂപങ്ങളാണ്.
തെയ്യം കെട്ടിക്കഴിഞ്ഞാല്‍ കോലക്കാരന്‍ മനുഷ്യനില്‍നിന്നുമുയര്‍ന്ന് ദൈവമായി മാറുന്നു. മലബാറിലെ തെയ്യങ്ങള്‍ നിസ്വര്‍ക്ക് സങ്കടങ്ങള്‍ ഇറക്കിവെയ്ക്കാനുള്ള അത്താണി കൂടിയാണ്. സത്യം തെളിയിക്കാനുള്ള ഏറ്റവും ഉയര്‍ന്ന നീതിപീഠവും. അതുകൊണ്ട് തെയ്യങ്ങള്‍ക്ക് തോല്‍വി പിണയില്ല, അവര്‍ അതിസാഹസികതയിലൂടെ മനുഷ്യരില്‍ ജീവിച്ചുകൊണ്ടേയിരിക്കും. തെയ്യംകെട്ട് സാഹസികതയാണെന്ന് പറഞ്ഞല്ലോ, തെയ്യത്തിന്റെ അരയിലും നെറുകയിലും തീപ്പന്തങ്ങള്‍, ചുറ്റിലും ചൂട്ടുകറ്റ, കാവുമുറ്റത്ത് വാനോളം കത്തുന്ന മേലേരി, നിന്നകത്തുന്ന പ്രകൃതിയിലെ കൊടുംചൂട്, ചുറ്റിലും പുരുഷാരം..അതിനിടയിലാണ് ഒരു മനുഷ്യന്‍ തെയ്യമായി താണ്ഡവമാടുന്നത്.
തെയ്യം തിളയ്ക്കുന്ന ചെമ്പുവട്ടിളത്തില്‍നിന്നും ചോറുവാരും, അഗ്‌നിയില്‍ ചാടും, ജീവനുള്ള കോഴിചോര കുടിക്കും, മരം കയറും, കിണറുകടന്നുതുള്ളും, അര്‍ദ്ധരാത്രിയില്‍ പെരുംകാട്ടിലൂടെ ഉടുത്തൊരുങ്ങി ഒറ്റയ്ക്ക് നടക്കും ഇങ്ങനെപോകുന്നു മലബാറിലെ തെയ്യച്ചരിതം. കോലമഴിച്ചുകഴിഞ്ഞാല്‍ അവന്‍ സാധാരണ മനുഷ്യനുമായി. മുപ്പത്തുമുക്കോടി തെയ്യങ്ങള്‍ 'ജീവിക്കുന്ന' നാടാണ് മലബാര്‍, അതില്‍ നൂറുകണക്കിന് തെയ്യങ്ങളെയാണ് കെട്ടിയാടിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ജീവിച്ചുമരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന വീരന്മാരും വീരാംഗനകളും തെയ്യങ്ങളായി ഇന്നും ജീവിക്കുന്നു.
കുലപൂര്‍വികാരായി തച്ചോളി ഒതേനനും കോരച്ചനും കതിവന്നൂര്‍ വീരനും കടവാങ്കോട്ട് മാക്കവും മുച്ചിലോട്ടു ഭഗവതിയും സോമേശ്വരിയുമെല്ലാം തെയ്യക്കാവുകളില്‍ ഇന്നും ഉറഞ്ഞാടുന്നുണ്ട്. കേവലമൊരു പച്ചമനുഷ്യനെ ദേവപദവിയിലേക്കുയര്‍ത്തുന്ന തെയ്യങ്ങള്‍ പറയുന്നത് മനുഷ്യരുടെ ധര്‍മ്മസങ്കടങ്ങളാണ്. വണ്ണാന്‍, മലയന്‍. അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, മാവിലന്‍, കോപ്പാളന്‍, വേലന്‍, ചിങ്കത്താന്‍, കളനാടി, പരവന്‍ തുടങ്ങിയ സമുദായക്കാരാണ് പാരമ്പര്യമായി തെയ്യംകെട്ടാന്‍ അവകാശമുള്ളവര്‍.
അങ്ങിനെ ആയിരക്കണക്കിന് കോലങ്ങള്‍ കെട്ടിയാടിയ പേരുകേട്ട തെയ്യക്കാരനാണ് നീലേശ്വരം പാലക്കാട്ട് പുതുക്കൈ സ്വദേശി പി.വി. സുരേഷ് ബാബു അഞ്ഞൂറ്റാന്‍. ദുബായ് കാണാനും മക്കളോടൊപ്പം കുറച്ചുദിവസം കഴിയാനുമെത്തിയതാണ് അദ്ദേഹം. അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍ എന്നീപേരുകള്‍ ആചാരസ്ഥാനങ്ങളാണ്. കാസര്‍കോട് നീലേശ്വരത്ത് നീലേശ്വരം അഞ്ഞൂറ്റാന്‍, തുരുത്തിയില്‍ അണീക്കര അഞ്ഞൂറ്റാന്‍, പിലിക്കോട് തെക്കുംകര വേലന്‍, പയ്യന്നൂര്‍ പയനി മുന്നൂറ്റാന്‍ എന്നിങ്ങനെ നാല് തറവാട്ടുകാര്‍ക്കാണ് ഈ പ്രദേശത്തെ കാവുകളില്‍ കോലങ്ങള്‍ കെട്ടിയാടാറുള്ളത്. ക്ഷേത്രങ്ങളും കച്ചവടകേന്ദ്രങ്ങളും സംരക്ഷിക്കാന്‍ തമ്പുരാന്‍ നിയോഗിച്ച പ്രബലന്മാരാണ് മൂന്നൂറ്റാന്മാര്‍, അഞ്ഞൂറ്റാന്‍മാര്‍. ശൗര്യവീര്യത്തിനുടമകളായ ഇവരെ പഴശ്ശിരാജാവ് തന്റെ സൈന്യത്തില്‍നിന്നു തെയ്യംകെട്ടാനായി മാറ്റിനിര്‍ത്തിയതാണെന്നും ഐതീഹ്യമുണ്ട്. ആ വംശപരമ്പരയില്‍ ഉള്‍പ്പെടുന്ന പ്രധാന തെയ്യക്കാരനാണ് സുരേഷ് ബാബു എന്ന 63-കാരന്‍.
12-ാമത്തെ വയസ്സില്‍ തെയ്യംകെട്ട് തുടങ്ങി
സുരേഷ് ബാബു അഞ്ഞൂറ്റാന്‍ 12-ാമത്തെ വയസ്സില്‍ തെയ്യംകെട്ട് തുടങ്ങിയതാണ്. ഈ 63-ാമത്തെ വയസ്സിലും അവിശ്രമം മനസ്സും ശരീരവും ദൈവത്തിലര്‍പ്പിച്ച് മണിക്കൂറുകളോളം തെയ്യമാകും. ഇതുവരെ 5,000- ത്തിലേറെ തെയ്യങ്ങള്‍ ആ ശരീരത്തിലൂടെ കയറിയിറങ്ങിപ്പോയി. അച്ഛന്‍ കൃഷ്ണന്‍ അഞ്ഞൂറ്റാനില്‍ നിന്നായിരുന്നു തെയ്യംകെട്ട് പഠിച്ചത്. അച്ഛനും അറിയപ്പെടുന്ന തെയ്യക്കാരനായിരുന്നു. 82-ാമത്തെ വയസ്സില്‍ അച്ഛന്‍ മരിക്കുമ്പോള്‍ മകന് പകര്‍ന്നുനല്‍കിയത് പാരമ്പര്യമായി കിട്ടിയ തെയ്യങ്ങള്‍ തന്നെയായിരുന്നു. മകന്‍ തെയ്യംകെട്ടുന്നതിനോട് അച്ഛന് താത്പര്യമില്ലെങ്കിലും അന്നത്തെ ജീവിതസാഹചര്യം കഷ്ടത നിറഞ്ഞതായിരുന്നു. നീലേശ്വരം കക്കാട്ട് ഇല്ലത്തായിരുന്നു ആദ്യമായി സുരേഷ് ബാബു തെയ്യംകെട്ടിയത്, മുഖത്ത് ചായില്യം തേച്ച് ഉടുത്തൊരുങ്ങി 'കല്‍ക്കിത്തറ' തെയ്യം കെട്ടിയ ആദ്യാനുഭവം ഇപ്പോഴും മനസ്സിലുണ്ട്. 22-ാമത്തെ വയസ്സില്‍ പയ്യന്നൂരില്‍നിന്നും സുരേഷ് ബാബുവിന് കുഞ്ഞിമംഗലം തമ്പുരാന്‍ പട്ടുംവളയും സമ്മാനിച്ച് മുന്നൂറ്റാന്‍ ആചാരം സമര്‍പ്പിച്ചു. പിന്നീട് ചിറക്കല്‍ തമ്പുരാന്‍ 'കച്ചും ചുരികയും' സമ്മാനിച്ച് സുരേഷ് ബാബുവിന് അഞ്ഞൂറ്റാന്‍ പദവിയും കിട്ടി. പ്രസിദ്ധമായ നീലേശ്വരം മന്ദംപുറത്ത് കാവില്‍ 'കാവിലമ്മ' യെ കെട്ടണമെങ്കില്‍ അഞ്ഞൂറ്റാന്‍ ആചാരക്കാര്‍ക്കുമാത്രമേ അനുവാദമുള്ളൂ.
മകനും മുന്നൂറ്റാനായി
സുരേഷ് ബാബുവിന്റെ പിന്മുറക്കാരനായി മകന്‍ ആദിത്യനും 18-ാമത്തെ വയസ്സില്‍ തെയ്യംകെട്ട് തുടങ്ങി. മൂന്നൂറ്റാന്‍ ആചാരവും ലഭിച്ചു. മകനും ഇതുവരെയായി ഒട്ടേറെ തെയ്യങ്ങളെ കെട്ടിയാടി. സുരേഷ് ബാബു ഒരു വര്‍ഷത്തില്‍ത്തന്നെ 250-ഓളം തെയ്യങ്ങളെ കെട്ടിയാടുന്നുണ്ട്. മലബാറിലെ മിക്ക തെയ്യങ്ങളെയും അദ്ദേഹം കെട്ടിയാടി. കെട്ടിയവയിലേറെയും പെണ്‍കോലങ്ങളാണ്. തുളുവീരന്‍, പൂമാരുതന്‍ തുടങ്ങി ആണ്‍കോലങ്ങളും കെട്ടിയിട്ടുണ്ട്. ഇതിനകം 15 പെരുങ്കളിയാട്ടങ്ങളില്‍ സുരേഷ് ബാബു പ്രധാന തെയ്യമായി കോലമിട്ടു. ചുരുങ്ങിയത് 12 വര്‍ഷങ്ങള്‍ക്കുശേഷം കൊണ്ടാടുന്ന പെരുങ്കളിയാട്ടങ്ങളില്‍ ഇത്രയധികം കോലം കെട്ടിയ മറ്റൊരാളില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് 28 വര്‍ഷങ്ങള്‍ക്കുശേഷം കൊണ്ടാടിയ പയ്യന്നൂര്‍ കാപ്പാട്ട് കഴകം ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തില്‍ കാപ്പാട്ട് ഭഗവതിയെ സുരേഷ് ബാബു കെട്ടിയത്. പെരുങ്കളിയാട്ടങ്ങളില്‍ അഞ്ചുതവണ മുച്ചിലോട്ടു ഭഗവതിയുടെ കോലവുമണിഞ്ഞു. മടിക്കൈ കക്കാട്ട് കിഴക്കേ ഇല്ലത്ത് കെട്ടിയാടാറുള്ള 'കണ്ടന്‍ഭദ്ര' എന്ന തെയ്യം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അര്‍ധരാത്രി രണ്ടുമണിക്ക് കാട്ടുനാടുവിലൂടെ തെയ്യം മാത്രം മണിക്കൂറുകളോളം ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കും. നിഗൂഢമായ ഇരുട്ടിലൂടെയുള്ള തെയ്യത്തിന്റെ യാത്ര രണ്ടാമതൊരാള്‍ കാണരുതെന്നാണ് ഐതീഹ്യം.
10 വര്‍ഷത്തിനുശേഷം കെട്ടിയാടാറുള്ള ഈ തെയ്യത്തിന്റെ കോലമണിയാനും സുരേഷ് ബാബുവിന് ഭാഗ്യം ലഭിച്ചു. ഏഴുതവണ ഈ തെയ്യംകെട്ടാന്‍ അദ്ദേഹത്തിന് സാധിച്ചു. രാത്രിയില്‍ കണ്ടാല്‍ ഏറെ ഭീകരത തോന്നിക്കും തെയ്യമാണിത്. ബ്രാഹ്‌മണ സ്ത്രീയെ പ്രതിനിധാനം ചെയ്യുന്ന കണ്ടന്‍ഭദ്ര രൗദ്രഭാവത്തിലാണ് വരിക. കോത്തുടുത്ത ഉടുവസ്ത്രത്തില്‍ ചോരപുരണ്ടതെന്ന് തോന്നിക്കുംവിധം രക്തവര്‍ണം, പോര്‍മുലയും പേടിപ്പെടുത്തുന്ന മുഖത്തെഴുത്തും. ഇതാണ് 'കണ്ടന്‍ഭദ്ര' തെയ്യത്തിന്റെ രൂപം. രുദ്രാണി ഭഗവതിയില്‍ നിന്നുള്ള 'കോലത്തിന്മേല്‍ കോല' മാണ് (ഒന്നിലേറെ തെയ്യങ്ങളെ ഒരേ കോലക്കാരന്‍തന്നെ ഒന്നിനുപിറകെ മറ്റൊന്നായി കെട്ടിയാടുക) കണ്ടന്‍ഭദ്ര.
ശാരീരിക പ്രയാസങ്ങള്‍ അറിയാറില്ല
കഠിനമായ വ്രതാനുഷ്ടാനങ്ങള്‍ക്കുശേഷനായിരിക്കും പല കാവുകളിലും തെയ്യംകെട്ട് നടത്തേണ്ടത്. വളരെക്കുറച്ച് ആഹാരംകഴിച്ച് മുഖത്തെഴുത്തിനിരിക്കും. അഞ്ചും ആറും മണിക്കൂറുകള്‍കൊണ്ടാണ് മുഖത്തെഴുത്ത് പൂര്‍ത്തിയാവുക. പിന്നീട് ഒന്നൊന്നായി മേയ്യലങ്കാരങ്ങളും തിരുമുടിയുമണിയും. തിരുമുടിയുടെ കനം കൃത്യമായി കോലക്കാര്‍ പറയാറില്ല, എങ്കിലും ചില തിരുമുടികള്‍ക്ക് 80 കിലോയിലേറെ ഭാരമുണ്ടാകും. വൈകീട്ട് പുറപ്പാടായി പിറ്റേന്ന് അവസാനിക്കുന്ന തെയ്യങ്ങളുണ്ട്, അത്രയും മണിക്കൂറുകള്‍ പിന്നിട്ടായിരിക്കും വെള്ളംപോലും കുടിക്കുക. ദൈവാധീനത്തില്‍ ബുദ്ധമുട്ടൊന്നും അറിയാറില്ല, എല്ലാം ആ നേരം മറക്കുമെന്നാണ് സുരേഷ് ബാബുവിന് അതുസംബന്ധിച്ച പറയാനുള്ളത്. മുച്ചിലോട്ട് ഭഗവതി, കാളരാത്രി, തിരുവര്‍ക്കാട്ട് ഭഗവതി, അട്ടക്കാട്ട് ഭഗവതി, ചൂളിയാര്‍ ഭഗവതി, അഷ്ടമച്ചാല്‍ ഭഗവതി, അങ്കക്കുളങ്ങര ഭഗവതി, തുടങ്ങിയ തെയ്യങ്ങളെല്ലാം സുരേഷ് ബാബു കെട്ടിയിട്ടുണ്ട്. അരനിറയെ എരിയുന്ന പന്തങ്ങളോടെയുള്ള പുതിയഭഗവതിയെ 150 - ലേറെത്തവണ സുരേഷ് ബാബു കെട്ടിയിട്ടുണ്ട്.
വാചാലത കേട്ടുപഠിച്ചു
ഗുരുകുല സമ്പ്രദായങ്ങളിലൂടെ തെയ്യത്തിന്റെ ഉരിയാട്ടുകള്‍ കേട്ടുപഠിക്കുകയിരുന്നുവെന്ന് സുരേഷ് ബാബു പറഞ്ഞു. അച്ഛന്റെ തെയ്യത്തിനു സഹായിയായി 'കുറിത്തട്ട്' പിടിക്കുമ്പോഴാണ് തെയ്യങ്ങളുടെ വാചാലത കേട്ടുപഠിച്ചത്. നൂറുകണക്കിന് സമുദായങ്ങളെ പേരുചൊല്ലിവിളിക്കാനും അങ്ങിനെ ശീലിച്ചു. അനുഗ്രഹംതേടി മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ഭക്തരുടെ സങ്കടങ്ങള്‍ കേട്ട് അതിനുള്ള പ്രതിവിധിയും നിര്‍ദ്ദേശിക്കുന്നതും അച്ഛനില്‍ നിന്നും കിട്ടിയതാണ്. ഒരാളുടെ ദുഃഖമായിരിക്കില്ല മറ്റൊരാള്‍ക്ക്, അപ്പോള്‍ ഓരോരാളുടെയും ദുഃഖം തിരിച്ചറിഞ്ഞ് മറുമൊഴി ചൊല്ലണം. തെയ്യച്ചടങ്ങുകളും തെയ്യത്തോറ്റങ്ങളും വിശാലമായി പഠിക്കേണ്ടതാണ്. പുതിയകാലത്ത് തെയ്യങ്ങളെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. അച്ഛനില്‍നിന്നും കിട്ടിയ തെയ്യപൈതൃകം ഇപ്പോള്‍ സുരേഷ് ബാബു മകന്‍ ആദിത്യനും പകര്‍ന്നുനല്‍കുന്നു.
മെയ്യില്‍ തീ പടര്‍ന്ന അനുഭവവും
നീലേശ്വരം പയിനി തറവാട്ടില്‍ പുതിയ ഭഗവതി കെട്ടിയപ്പോള്‍ ശരീരത്തില്‍ തീ പടര്‍ന്ന അനുഭവവും സുരേഷ് ബാബുവിന്റെ ഓര്‍മ്മയില്‍ പച്ചപിടിച്ചതാണ്. ഒരു തെയ്യക്കാരന്‍ ഒട്ടേറെ ശാരീരിക പ്രയാസങ്ങളും നേരിടേണ്ടിവരുന്നു. ക്ഷയം, മൂത്രാശയ രോഗങ്ങള്‍, ഹൃദ്രോഗം അങ്ങിനെ പലതും ഒരു തെയ്യക്കാരന്റെ ജീവിതത്തിന്റെ ഭാഗമാണ്. 101 തവണ മേലേരി (അഗ്നികുണ്ഡം) യില്‍ വീഴുന്ന 'ഒറ്റക്കോല' വും മലബാറിലാണ്. ഒറ്റക്കോലം കെട്ടിയ തെയ്യക്കാരന്‍ കോലമഴിച്ചാല്‍ മൂത്രമൊഴിക്കുന്നതു തുപ്പുന്നതും ചാരമായിരിക്കുമെന്ന് അനുഭവസ്ഥര്‍ പറയാറുണ്ട്. തീയില്‍ച്ചാടി കാലുപൊള്ളി ഒടുവില്‍ കാലുമുറിച്ചുമാറ്റേണ്ടി വന്ന ഹതഭാഗ്യരുമുണ്ട്. ഇതൊക്കെ ഒരു തെയ്യാട്ടക്കാരന് 'വിധിച്ചതാണെന്ന്' സുരേഷ് ബാബുവും പറയുന്നു.
ഇടവമാസത്തിലെ മാടായി തിരുവര്‍ക്കാട്ടുകാവിലും വളപട്ടണം കളരിവാതുക്കലും പെരുങ്കലശത്തോടെയാണ് കോലത്തുനാട്ടില്‍ (കണ്ണൂര്‍ ജില്ലയില്‍) തെയ്യാട്ടക്കാലത്തിനു വിരാമമാവുക. അള്ളടനാട്ടില്‍ (നീലേശ്വരം) മന്ദംപുറത്തുകാവിലെ പെരുംകലശത്തോടെയായിരിക്കും തെയ്യക്കാലം അവസാനിക്കുക. തെയ്യക്കാലത്തിനുശേഷം ആയുര്‍വിധിപ്രകാരം തിരുമ്മല്‍ ചികിത്സയടക്കം നടത്തുന്നതും പതിവാണെന്നും സുരേഷ് ബാബു പറഞ്ഞു. പുതിയകാലത്ത് അവശവിഭാഗം എന്നനിലയില്‍ കോലക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവവും പങ്കുവെയ്ക്കാനുണ്ട്. തെയ്യമില്ലാത്ത കാലത്ത് അണിയലം അടക്കം നിര്‍മിക്കും.
പി.വി.സുരേഷ് ബാബു അഞ്ഞൂറ്റാന്റെ ഭാര്യ സജിത, മക്കള്‍ ശ്രുതി, അശ്വതി. മരുമക്കള്‍ തരാനാഥ്, നന്ദകൃഷ്ണ.
Content Highlights: P.V. Suresh Babu: A Master Theyyam Artist
Published: 05 Jul 2025, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented