റിയാദ്: രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി. സൗദിയിലെ എണ്ണസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണങ്ങളെ ജിസിസി ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

To advertise here,

ഇറാഖിലെ ഇറാൻ പിന്തുണയുള്ള മിലീഷ്യകൾ സൗദിക്കെതിരെ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ കുവൈത്തും ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതിനും സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നതിനുമുള്ള മിലീഷ്യകളുടെ ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കുവൈത്ത് പ്രസ്താവനയിൽ പറഞ്ഞു.

ബഹ്റൈനും സൗദി അറേബ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഏത് ആക്രമണത്തിനും മറുപടി നൽകാനും ആക്രമണകാരികളെ പ്രതിരോധിക്കാനും സൗദിക്ക് പൂർണ അവകാശമുണ്ടെന്ന് ബഹ്റൈൻ വ്യക്തമാക്കി.

ഇറാഖിലെ ഇറാൻ പിന്തുണയുള്ള മിലീഷ്യകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി ബുധനാഴ്ച പുലർച്ചെ കൃത്യമായ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് ജിസിസി രാജ്യങ്ങളുടെ പ്രതികരണം.

സ്വയം പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര നിയമപരമായ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ബാഗ്ദാദിലെ അമേരിക്കൻ എംബസിയും ഇറാഖിലുള്ള അമേരിക്കൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കാനും അധികാരികളുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും എംബസി നിർദേശിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെ വിമാനയാത്രകൾ തടസപ്പെടാനോ വ്യോമപാതകൾ താൽക്കാലികമായി അടയ്ക്കാനോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.