ഷാര്‍ജ: തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തിലെ നവരാത്രി സംഗീതോത്സവത്തിന്റെ മാതൃകയില്‍ ഷാര്‍ജയിലും സംഗീതോത്സവം.

To advertise here,

ഏകതയാണ് ഷാര്‍ജയില്‍ 13-ാമത് നവരാത്രി സംഗീതോത്സവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ ഒന്‍പത് ദിവസമായിരുന്നു ഏകതയുടെ നവരാത്രി സംഗീതോത്സവമെങ്കില്‍ ഈ വര്‍ഷം മൂന്നുദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സംഗീതോത്സവം നടക്കുക. മിഡിലീസ്റ്റില്‍നിന്നുള്ള സംഗീതജ്ഞര്‍ കൂടാതെ ഇന്ത്യയില്‍നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള പക്കമേളക്കാരും നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമാകും.

ദിവസവും രാവിലെ എട്ടുമണിമുതല്‍ രാത്രി 10 മണിവരെ തുടര്‍ച്ചയായി സംഗീതാര്‍ച്ചനകള്‍ അവതരിപ്പിക്കും. 11-ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നാദസ്വരം, സാക്‌സ് ഫോണ്‍ കച്ചേരിയും ഉണ്ടായിരിക്കും. 6.30 മുതല്‍ വിവിധ സംഗീതോപകരണങ്ങള്‍ ചേര്‍ത്തുള്ള നാദലയ വിന്യാസമുണ്ടാവും. 12-ന് ശനിയാഴ്ച വൈകീട്ട് 5.30-ന് സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന് പ്രവാസി സംഗീതഭാരതി പുരസ്‌കാരം സമര്‍പ്പിക്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഗീതസദസ്സ് ഉണ്ടായിരിക്കും.

13-ന് വിജയദശമിദിനത്തില്‍ രാവിലെ അഞ്ചുമണിമുതല്‍ രാവിലെ ഒന്‍പതുവരെ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കും. കാവാലം ശ്രീകുമാര്‍ പ്രധാന ആചാര്യനാകും. വൈകീട്ട് 6.30-ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്സ് നടക്കുമെന്നും ഏകതാ ഭാരവാഹികള്‍ അറിയിച്ചു.