അബുദാബി: വ്യാപാരികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ആശ്വാസമേകി ഇത്തിഹാദ് റെയിൽ ഫ്രൈറ്റും എ.ഡി. പോർട്‌സ് ഗ്രൂപ്പും ചേർന്ന് പുതിയ നേരിട്ടുള്ള ചരക്ക് തീവണ്ടി സർവീസ് ആരംഭിച്ചു. ഫുജൈറ ടെർമിനലിൽ നിന്ന് അബുദാബിയിലെ ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയിലേക്ക് (ഐ.സി.എ.ഡി) ചരക്കുകൾ നേരിട്ടെത്തിക്കുന്നതാണ് ഈ പുതിയ റെയിൽ സേവനം.
തീരദേശ തുറമുഖങ്ങളെ അബുദാബിയിലെ വ്യാവസായിക ഹബ്ബുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര ചരക്ക് നീക്കം കൂടുതൽ വേഗത്തിലാക്കാനും ലോജിസ്റ്റിക്‌സ് ചെലവുകൾ ഗണ്യമായി കുറയ്ക്കാനും സാധിക്കും.

To advertise here,

കപ്പൽ മാർഗ്ഗം ഫുജൈറ ടെർമിനലിൽ എത്തുന്ന കണ്ടെയ്‌നറുകൾ ഇനിമുതൽ റോഡ് മാർഗ്ഗം കൊണ്ടുപോകുന്നതിന് പകരം ഇത്തിഹാദ് റെയിൽ വഴി ഐ.സി.എ.ഡിയിലെ ഇൻലാന്റ് കാർഗോ ഗേറ്റ്വേയിൽ നേരിട്ടെത്തിക്കും.

ഫുജൈറയിൽ ഇറക്കുന്ന ചരക്കുകൾ ഐ.സി.എ.ഡിയിൽ എത്തിച്ച ശേഷം കസ്റ്റംസ് പരിശോധനകളും നിയമപരമായ നടപടികളും പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് അവരുടെ വെയർഹൗസുകളിലേക്ക് നേരിട്ട് മാറ്റാം.
അബുദാബിയിലെ ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ഉൽപ്പാദന കേന്ദ്രങ്ങൾക്കും ഈ പുതിയ സംവിധാനം വലിയ നേട്ടമുണ്ടാക്കുമെന്ന് ഇത്തിഹാദ് റെയിൽ ഫ്രൈറ്റ് സി.ഇ.ഓ ഉമർ അൽസെബീയും എ.ഡി പോർട്‌സ് ഗ്രൂപ്പ് പോർട്‌സ് ക്ലസ്റ്റർ സി.ഇ.ഓ സെയ്ഫ് അൽ മസ്രൂയിയും വ്യക്തമാക്കി.
ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള ദീർഘദൂര ട്രക്ക് യാത്രകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. വലിയ അളവിലുള്ള ചരക്കുകൾ റെയിൽ മാർഗ്ഗം കൊണ്ടുപോകുന്നതിലൂടെ കാർബൺ ഉദ്വമനം ഗണ്യമായി കുറയ്ക്കാനും ഹൈവേകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സാധിക്കും.

ജി.സി.സി, ഇന്ത്യ, ചെങ്കടൽ, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വ്യാപാര ഇടനാഴിയായി ഫുജൈറയെയും അബുദാബിയെയും മാറ്റാൻ ഈ പദ്ധതിക്ക് കഴിയും.