ദുബായ്: ദുബായിലെ ഭവന വികസന മേഖലയിലെ പദ്ധതികളിൽ സഹകരണം ശക്തമാക്കുന്നതിനും നിക്ഷേപ സാധ്യതകൾ വിപുലമാക്കുന്നതിന്റെയും ഭാഗമായി മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റും ലുലുവും ധാരണാപത്രത്തിൽ ഒപ്പുവച്ചു. മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഹസ്സൻ അൽ ഷെഹ്ഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ഹൗസിങ്ങ് സെക്ടർ അസിസ്റ്റന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നൂറ മുഹമ്മദ് അൽ റെമൈതി, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്നും, മികച്ച റീട്ടെയ്ൽ പദ്ധതികൾ ലുലു യാഥാർഥ്യമാക്കുമെന്നും എം.എ യൂസഫലി പറഞ്ഞു.
മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് നടപ്പാക്കുന്ന സ്വദേശികൾക്കായുള്ള ദേശീയ ഹൗസിങ്ങ് പദ്ധതിയുടെ ഭാഗമായി വിപുലമായ റീട്ടെയ്ൽ സ്റ്റോറുകൾ ലുലു യാഥാർഥ്യമാക്കും. മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ വിവിധ പദ്ധതികളിൽ ഇരുസ്ഥാപനങ്ങളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. യു.എ.ഇ പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ദുബായുടെ തുടർച്ചയായ വികസനത്തിന് പിന്തുണ നൽകുന്നതിനും ഈ പങ്കാളിത്തം സഹായകമാകും. സർക്കാർ- സ്വകാര്യ മേഖലകളുടെ സഹകരണ കൂടുതൽ വിപുലമാക്കി വികസന പദ്ധതികൾ കൂടുതൽ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ധാരണ.

To advertise here,