
ദുബായ്: ഗ്രാമങ്ങളില്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് 39 കോടിയുടെ 37 പദ്ധതികള്‍ക്ക് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. എക്‌സ് അക്കൗണ്ടിലൂടെയാണ് ശൈഖ് ഹംദാന്‍ ഇക്കാര്യം അറിയിച്ചത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനകം പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സൗകര്യങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തി സൈഹ് അല്‍ സലാം സീനിക് റൂട്ട് പദ്ധതിക്കുള്ള മാസ്റ്റര്‍ പ്ലാനും അദ്ദേഹം അംഗീകാരം നല്‍കി.
ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണിത്. 2040-ഓടെ എമിറേറ്റിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണം 30 ലക്ഷത്തിന് മുകളിലെത്തിക്കും.
മികച്ച ജീവിതനിലവാരം നല്‍കുന്ന നഗരങ്ങളിലൊന്നായി എമിറേറ്റിന്റെ പദവി ഉയര്‍ത്താനും പൊതുജനക്ഷേമം ഉയര്‍ത്താനുമാണ് വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
സൈഹ് അല്‍ സലാം സീനിക് റൂട്ട് പദ്ധതി
2216 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന സൈഹ് അല്‍ സലാം സീനിക് റൂട്ട് പദ്ധതിയുടെ ഭാഗമായി പുതിയ അഞ്ച് ടൂറിസ്റ്റ് സ്റ്റേഷനുകള്‍ വികസിപ്പിക്കും. മെയിന്‍ ഹബ്ബ് സ്റ്റേഷന്‍, വൈല്‍ഡ് ലൈഫ് സ്റ്റേഷന്‍, അഡ്വഞ്ചര്‍ സ്റ്റേഷന്‍, കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് സ്റ്റേഷന്‍, ഡെസേര്‍ട്ട് അഡ്വഞ്ചര്‍ സ്റ്റേഷന്‍ എന്നിവയാണിവ. ഇതോടൊപ്പം 97.86 കിലോമീറ്റര്‍ നീളത്തില്‍ പുതിയ സൈക്ലിങ് ട്രാക്കുകള്‍ നിര്‍മിക്കുകയും മൊത്തം സൈക്കിള്‍ ട്രാക്കിന്റെ ദൈര്‍ഘ്യം 156.61 കിലോമീറ്ററായി ഉയര്‍ത്തുകയും ചെയ്യും.
സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും മികച്ച അനുഭവങ്ങള്‍ നല്‍കാന്‍ സ്റ്റേഷനുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും വിനോദപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. അല്‍ ഖുദ്ര തടാകങ്ങള്‍ക്കുസമീപമായാണ് മെയിന്‍ ഹബ്ബ് സ്റ്റേഷന്‍ നിര്‍മിക്കുക. ഇവിടെ പ്രാദേശിക ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ക്യാമ്പിങ് സൗകര്യങ്ങള്‍ എന്നിവ വാഗ്ദാനംചെയ്യുന്ന ഒരു പരമ്പരാഗത മാര്‍ക്കറ്റ് സ്ഥാപിക്കും. ഒട്ടേറെ സന്ദര്‍ശകരെ ഉള്‍ക്കൊള്ളുന്നതിന് പൊതുസേവനങ്ങളും സൗകര്യങ്ങളും വിപുലീകരിക്കുകയും ചെയ്യും.
ഫ്‌ലമിംഗോ തടാകത്തിനുസമീപത്തായാണ് വൈല്‍ഡ് ലൈഫ് സ്റ്റേഷന്‍ നിര്‍മിക്കുക. വന്യജീവികളുടെയും ലവ് ലേക്കിന്റെയും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കാന്‍ ഹോട്ട് എയര്‍ ബലൂണ്‍ സവാരി, ലക്ഷ്വറി ക്യാമ്പിങ് സൗകര്യങ്ങള്‍ എന്നിവയുമുണ്ടാകും. ലവ് ലേക്ക്, അല്‍ ഖുദ്ര, ഫ്‌ലമിംഗോ എന്നീ മൂന്ന് തടാകങ്ങളെ ബന്ധിപ്പിച്ച് കയാക് ടൂറുകളും ലഭ്യമാകും.
എക്‌സ്പോ 2020 ലേക്കിന് സമീപത്തായാണ് അഡ്വഞ്ചര്‍ സ്റ്റേഷന്‍ നിര്‍മിക്കുക. ഇതില്‍ ഒറിക്‌സ് പ്ലാറ്റ്‌ഫോമിനുസമീപം ഒരു സാഹസിക പാര്‍ക്കും ഫിറ്റ്നസ് പാതകളും റസ്റ്ററന്റുകളും സൈക്ലിങ് പാതകളും നിര്‍മിക്കും. അല്‍ മര്‍മൂമിലെ ഒട്ടക ഫാമിനുസമീപം നിര്‍മിക്കുന്ന കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് സ്റ്റേഷനില്‍ പരമ്പരാഗത മജ്ലിസും വിനോദ തീയേറ്ററുമുണ്ടാകും. സന്ദര്‍ശകര്‍ക്ക് ഒട്ടകസവാരിയും പരമ്പരാഗത ഭക്ഷ്യരുചികളും ആസ്വദിക്കാനും മരുഭൂമിയില്‍ വിനോദപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും സൗകര്യമൊരുക്കും.
സാഹസികവിനോദങ്ങള്‍ക്കും മരുഭൂമിയിലെ കായികവിനോദങ്ങള്‍ക്കുമായി വിപുലമായ സൗകര്യങ്ങളാണ് ഡെസേര്‍ട്ട് അഡ്വഞ്ചര്‍ സ്റ്റേഷനിലുണ്ടാവുക. ഡ്യൂണ്‍ ബാഷിങ്, ഡെസേര്‍ട്ട് സൈക്ലിങ്, ഡ്യൂണ്‍ ക്ലൈമ്പിങ്, സാന്‍ഡ്‌ബോര്‍ഡിങ്, ഡെസേര്‍ട്ട് സഫാരി എന്നിങ്ങനെ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളുടെ നീണ്ടനിരതന്നെ സ്റ്റേഷനിലുണ്ടാകും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ലെഹ്ബാബ്, അല്‍ അവീര്‍, അല്‍ ലിസൈലി എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ക്കായി 18 പുതിയ സേവനങ്ങള്‍ നല്‍കും.
മൂന്ന് നഴ്‌സറികള്‍, ഏഴ് പാര്‍ക്കുകള്‍, തുറസ്സായ സ്ഥലങ്ങള്‍, മൂന്ന് ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയും നിര്‍മിക്കും. കൂടാതെ, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുകയും പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
ദുബായിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ പുതിയ അധ്യായം തുറക്കാനാണ് പദ്ധതിയിലൂടെ നേതൃത്വം ലക്ഷ്യമിടുന്നത്.
Content Highlights: Development of villages in Dubai: 37 projects worth Rs 39 crore
Published: 21 Oct 2024, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented