ദുബായ്: എമിറേറ്റിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലൊന്നായ ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷൻ വികസിപ്പിക്കും. യാത്രശേഷി 65 ശതമാനമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) എമാർ പ്രോപ്പർട്ടീസും തമ്മിൽ ധാരണയായി. ദുബായ് അന്താരാഷ്ട്ര പ്രൊജക്റ്റ് മാനേജ്മെന്റ് ഫോറത്തിന്റെ ഭാഗമായാണ് കരാർ ഒപ്പിട്ടത്. സ്റ്റേഷന്റെ മൊത്തം വിസ്തീർണം 6700 ചതുരശ്ര മീറ്ററിൽനിന്നും 8500 ചതുരശ്ര മീറ്ററായി ഉയർത്തും. ഇതുവഴി മണിക്കൂറിൽ യാത്രക്കാരുടെ എണ്ണം 7250-ൽനിന്നും 12,320 ആയും ഉയരും. നവീകരണം പൂർത്തിയാകുന്നതോടെ ദൈനംദിന യാത്രശേഷി 2,20,000 ആകും.

To advertise here,

യാത്രാനുഭവങ്ങൾ സുഗമമാക്കുന്നതിന് മെട്രോ സ്റ്റേഷൻ പ്രവേശന കവാടം, പ്ലാറ്റ്ഫോമുകൾ, നടപ്പാതകൾ, വാണിജ്യ മേഖലകൾ എന്നിവ വികസിപ്പിക്കുകയും പുതിയ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സജ്ജമാക്കുകയും ചെയ്യും. തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കാനാണ് വികസന പദ്ധതികൾ ലക്ഷ്യമിടുന്നത്. പൊതു അവധി ദിനങ്ങൾ, പുതുവർഷം ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിലും യാത്രക്കാരുടെ തിരക്ക് കൂടാറുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും തിരക്ക് കൈകാര്യം ചെയ്യാനും സ്റ്റേഷന്റെ ശേഷി വർധിപ്പിക്കാനുമാണ് ആർ.ടി.എ. തയ്യാറെടുക്കുന്നത്. ഡൗൺടൗൺ ദുബായ്, ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവിടങ്ങളിലേക്കുള്ള തിരക്ക് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക, വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് മെട്രോ സ്റ്റേഷന്റെ വികസനം ഊർജമേകുമെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. അനുദിനം വർധിച്ചുവരുന്ന താമസക്കാരെയും വിനോദസഞ്ചാരികളെയും ഉൾക്കൊള്ളാനാണ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണത്തിൽ ഏഴര ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 2040 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൗൺടൗൺ ദുബായിയുടെ ഹൃദയഭാഗത്താണ് ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ദുബായ് മാളിലേക്കുള്ള സന്ദർശകരിൽ ഭൂരിഭാഗവും മെട്രോ വഴിയാണ് എത്തുന്നതെന്നും അൽ തായർ പറഞ്ഞു. ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും വികസന പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് എമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പറഞ്ഞു. സുസ്ഥിര നഗര വളർച്ചയെ പിന്തുണയ്ക്കുന്നതിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തെയാണ് ആർ.ടി.എ.യുമായുള്ള സഹകരണം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി