'ന്യൂ ദുബായ് സ്റ്റുഡന്റ് കാർഡ്' പ്രഖ്യാപിച്ചു
ദുബായ് : എമിറേറ്റിലെ വിദ്യാർഥികളുടെ കാമ്പസ് ജീവിതവും യാത്രകളും കൂടുതൽ സുഗമവും സാമ്പത്തിക ലാഭമുള്ളതുമാക്കാൻ ലക്ഷ്യമിട്ട് നിർണായകമായ ‘ന്യൂ ദുബായ് സ്റ്റുഡന്റ് കാർഡ്’ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർ.ടി.എ.). നോളജ് ആൻഡ് ഹ്യൂമൻ റിസോഴ്‌സസ് അതോറിറ്റി (കെ.എച്ച്.ഡി.എ.), ടീകോം ഗ്രൂപ്പിന് കീഴിലുള്ള ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റി, ദുബായ് നോളജ് പാർക്ക്, കൂടാതെ ഇന്റർനാഷണൽ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡ് അസോസിയേഷൻ എന്നിവയുമായി കൈകോർത്താണ് ഈ സമഗ്ര പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖ, നോൽ പൊതുഗതാഗത സേവനങ്ങൾ, ആഗോളതലത്തിലെ സവിശേഷ ഇളവുകൾ എന്നിവ ഒരൊറ്റ കാർഡിൽ സമന്വയിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
പുതിയ കാർഡിന്റെ അവതരണത്തിലൂടെ പ്രധാനമായും നാല് മേഖലകളിലാണ് വിദ്യാർഥികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയെന്ന് ആർ.ടി.എ. കോർപ്പറേറ്റ് സാങ്കേതിക സേവന വിഭാഗം സി.ഇ.ഒ. അഹമ്മദ് ബഹ്റോസിയാൻ വ്യക്തമാക്കി. കാമ്പസുകൾക്കുള്ളിലെ ഔദ്യോഗിക ഐഡന്റിറ്റി കാർഡായി ഇത് പ്രവർത്തിക്കും.
ദുബായിലെ ബസ്, മെട്രോ, ട്രാം തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ 50 ശതമാനംവരെ ടിക്കറ്റ് നിരക്കിൽ ഇളവുകളോടെ യാത്ര ചെയ്യാനും യു.എ.ഇ.യിലുടനീളമുള്ള വ്യാപാരികളിൽനിന്നും സേവനദാതാക്കളിൽനിന്നും പ്രതിദിന ഓഫറുകൾ നേടാനും ഈ കാർഡ് സഹായിക്കും.
ഇതിനുപുറമേ, ഇന്റർനാഷണൽ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡിന്റെ (ഐ.എസ്.ഐ.സി.) പങ്കാളിത്തമുള്ളതിനാൽ 130-ലധികം രാജ്യങ്ങളിലായി ഒന്നരലക്ഷത്തിലധികം സവിശേഷ ആനുകൂല്യങ്ങൾ വിദേശയാത്രകളിലും ഭക്ഷണ-വിനോദ ആവശ്യങ്ങളിലും വിദ്യാർഥികൾക്ക് ലഭിക്കും.
ദുബായിയുടെ ‘എജുക്കേഷൻ 33’ കാഴ്ചപ്പാടിന് അനുസൃതമായാണ് കാർഡ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കെ.എച്ച്.ഡി.എ. പോളിസി ആൻഡ് റിസർച്ച് സി.ഇ.ഒ. ഡോ. സഈദ് മുബാറക് ഖർബാഷ് ചൂണ്ടിക്കാട്ടി.
പുതിയ തലമുറയെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്രതലത്തിൽ പ്രഗല്‌ഭരായ പ്രതിഭകളെയും വിദ്യാർഥികളെയും ആകർഷിക്കുന്ന ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ദുബായിയെ നിലനിർത്താൻ ഇത് സഹായിക്കും.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പഠിതാക്കൾക്കും മികച്ച അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ ഈ പദ്ധതി വലിയൊരു നാഴികക്കല്ലാണെന്ന് ടീകോം ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് മർവാൻ അബ്ദുൽഅസീസ് ജനാഹി അഭിപ്രായപ്പെട്ടു.
ഘട്ടംഘട്ടമായാണ് ഈ പദ്ധതി വിദ്യാർഥികളിലേക്ക് എത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമാകാൻ താത്‌പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
Published: 12 Nov 2026, 01:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented