അബുദാബി: യുഎഇയിൽ എമിറേറ്റ്‌സ് ഐഡി കാർഡുകൾക്ക് ബദലായി നൂതന ബയോമെട്രിക് സംവിധാനം വികസിപ്പിക്കുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതർ അറിയിച്ചു. സർക്കാർ, ബാങ്കിങ്, ടെലികമ്മ്യൂണിക്കേഷൻസ്, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിൽ കൃത്യവും സുരക്ഷിതവുമായ ഉപഭോക്തൃ തിരിച്ചറിയൽ രേഖയായി പുതിയ സംവിധാനം ഉപയോഗിക്കും. ഒരു വർഷത്തിനകം എല്ലാ മേഖലകളിലും ബയോമെട്രിക് സാങ്കേതികവിദ്യ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷ.
സാങ്കേതികമികവിലും വിവരങ്ങളുടെ കൃത്യതയിലും ബയോമെട്രിക് സംവിധാനം ഉന്നതനിലവാരം പുലർത്തും. സേവനവിതരണത്തിന്റെ കാര്യക്ഷമത ഉയർത്താനും ഇലക്ട്രോണിക് തിരിച്ചറിയൽ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ് ഡബ്ല്യൂസി) അംഗമായ ഡോ. അദ്നാൻ ഹമദ് അൽ ഹമ്മാദി പറഞ്ഞു. നിർമിതബുദ്ധി ഉൾപ്പടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിക്കുന്ന സംവിധാനം ഐസിപിയുടെ സ്മാർട്ട് ആപ്പിൽ ലഭ്യമാക്കുമെന്ന് ഐസിപി അധികൃതർ പറഞ്ഞു.
സുരക്ഷ, കൃത്യത, സൗകര്യം എന്നിവയ്ക്കാണ് അതോറിറ്റി മുൻഗണന നൽകുന്നത്. ഡിജിറ്റൽ സേവനങ്ങളുടെ സുതാര്യത വർധിപ്പിക്കാനാണ് നൂതന പദ്ധതി വികസിപ്പിക്കുന്നത്. തടസ്സങ്ങളിലാത്ത ഡിജിറ്റൽ സേവനങ്ങളിലൂടെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് യുഎഇ ശ്രമിക്കുന്നത്. ഉപഭോക്തൃ സേവനമികവ് ഉയർത്താനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയാണ് ബയോമെട്രിക് സംവിധാനങ്ങളുടെ പരിഷ്കരണത്തിൽ അടയാളപ്പെടുത്തുന്നത്.
Content Highlights: Biometric technology to replace Emirates ID in UAE
Published: 17 Apr 2025, 01:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented