ദുബായ്: സംഗീത സംവിധായകന്‍ രമേശ് നാരായണുമായുള്ള വിവാദത്തില്‍ നടന്‍ ആസിഫ് അലിക്ക് ദുബായില്‍ നിന്നും വേറിട്ടൊരു പിന്തുണ. ഓളപ്പരപ്പില്‍ ആസിഫ് അലിയെന്ന് പേരുള്ള ആഡംബര ബോട്ട് അഭിമാനത്തോടെ ഒഴുകി നടക്കും. ദുബായ് മറീനയിലൂടെ...

To advertise here,

രമേശ് നാരയണ്‍ വിവാദത്തില്‍ ആസിഫലി കാട്ടിയ പക്വതയ്ക്കും സൗമ്യമായ ചിരിക്കുമുള്ള ആദരമാണ് ആസിഫ് അലി എന്ന ആഡംബര ബോട്ട്. ദുബായിലെ വാട്ടര്‍ ടൂറിസം രംഗത്തെ പ്രമുഖരായ ഡി3 കമ്പനിയാണ് ആഡംബര ബോട്ടിന് നടന്‍ ആസിഫ് അലിയുടെ പേരിട്ടത്.

നാല് ബെഡ് റൂമുകളുള്ളതാണ് ബോട്ട്. മുന്‍പുണ്ടായിരുന്ന പേര് മാറ്റിയാണ് ബോട്ടിന് ആസിഫ് അലിയെന്ന പേര് നല്‍കിയത്. ബോട്ടില്‍ പേര് പതിപ്പിച്ചു കഴിഞ്ഞു. രജിസ്‌ട്രേഷനും പേരുമാറ്റവും മറ്റ് പേപ്പര്‍ ജോലികളും ഉടന്‍ പൂര്‍ത്തിയാക്കും. ദുബായ് മറീനയിലാണ് ഇപ്പോള്‍ ബോട്ടുള്ളത്.

വര്‍ഗീയ ചേരിതിരിവിലേക്ക്‌ വരെ നീങ്ങാന്‍ ഇടയുണ്ടായിരുന്ന ഒരു സാഹചര്യമാണ് ആസിഫലിയുടെ ചിരിയിലൂടെയും പക്വതയാര്‍ന്ന പെരുമാറ്റത്തിലൂടെയും ഇല്ലാതായതെന്ന് ഡി3 കമ്പനി സി.ഇ.ഒ. ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. ഇത്രയും സൗമ്യമായി വിഷയം കൈകാര്യം ചെയ്ത ആസഫി അലിയെ എത്ര അഭിനന്ദിച്ചാലും ആദരിച്ചാലും മതിവരില്ല. ബോട്ടിന്റെ പേരുമാറ്റം ബിസിനസ് താല്‍പര്യത്തോടെയല്ലെന്നും ഷെഫീഖ് വിശദീകരിച്ചു. പത്തനംതിട്ട സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഡി3 കമ്പനി.