
ന്യൂഡൽഹി: ഡൽഹിയിലെ എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരേ ബിജെപി തെരുവിലിറങ്ങി. എഐ ഉച്ചകോടി തടസ്സപ്പെടുത്തുംവിധം യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരേയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ബിജെപി യുവമോർച്ച പ്രവർത്തകർ സമരം നടത്തിയത്. മഹാരാഷ്ട്രയിലെ മുളുന്ദിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നേരേ ബിജെപി പ്രവർത്തകർ കരിങ്കൊടിയും കാണിച്ചു.
ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിലെ ജാമ്യനടപടികൾക്കായി പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധിക്ക് നേരേ മഹാരാഷ്ട്രയിൽ ബിജെപി യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. റോഡിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോൾ ബിജെപി പ്രവർത്തകർ കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ചു. 'ലഷ്‌കറെ രാഹുൽ' എന്നതടമുള്ള മുദ്രാവാക്യങ്ങളാണ് ബിജെപി പ്രവർത്തകർ മുഴക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. ജമ്മുകശ്മീരിലും ഡൽഹി, സൂറത്ത്, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും ബിജെപി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരേയാണ് പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, യൂത്ത് കോൺഗ്രസ് ബിഹാർ സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യൂത്ത് കോൺഗ്രസ് ഉത്തർപ്രദേശ് വൈസ് പ്രസിഡന്റ് അജയ്കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. നാലുപ്രതികളെയും പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതിനിടെ, യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് രൂക്ഷമായി വിമർശിച്ചു. ഭാരതം ആഗോള സാങ്കേതിക ശക്തിയായി മാറാൻ ചുവടുവെയ്ക്കുന്ന സമയത്ത്, രാജ്യത്തെ നാണംകെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് രാഷ്ട്രീയമായ എതിർപ്പുകളല്ലെന്നും മറിച്ച് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Content Highlights: Youth Congress protests at Delhi`s AI Summit, BJP retaliates nationwide. Rahul Gandhi faces black flags. Read details of the political clash and arrests.
Published: 21 Feb 2026, 08:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented