അജ്മാൻ : പൊതുജനങ്ങളിൽ സാമൂഹിക ഉത്തരവാദിത്വം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് അജ്മാൻ ടൂറിസം വികസനവകുപ്പ് റൈഡ് ഫോർ ദ കമ്യൂണിറ്റി 2025 സംരംഭം ആരംഭിച്ചു. യുഎഇ റോയൽ എൻഫീൽഡ് റൈഡേഴ്‌സ് ക്ലബ്ബുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. രാജ്യത്തുടനീളമുള്ള മോട്ടോർ സൈക്കിൾ പ്രേമികളെ ഒരുമിപ്പിച്ചുകൊണ്ടാണിത് നടപ്പാക്കുന്നത്.

To advertise here,

സാമൂഹിക ഉത്തരവാദിത്വത്തിനു പുറമെ വിനോദ അന്തരീക്ഷത്തിൽ പരസ്പര ഐക്യം വളർത്തുക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുക എന്നിവയ്ക്കും പരിപാടി ലക്ഷ്യമിടുന്നു. ആരോഗ്യകരമായ ജീവിതശൈലിയും സുസ്ഥിര ടൂറിസം പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങൾക്കനുസൃതമായാണ് സംരംഭം പ്രവർത്തിക്കുക. ഇതിലൂടെ സവാരിയിലും വിനോദത്തിലുമുള്ള അഭിരുചി വർധിപ്പിക്കുകയും ലക്ഷ്യമിടുന്നുണ്ട്.

വിവിധ വിനോദ പ്രവർത്തനങ്ങളിലൂടെ സാമൂഹിക ഇടപെടലുകളുടെ മൂല്യം വർധിപ്പിക്കുകയാണ് നൂതന സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹ്‌മൂദ് ഖലീൽ അൽഹാഷ്മി പറഞ്ഞു. ആകർഷകമായ ഒരു കായിക പരിപാടി എന്നതിലുമപ്പുറം അജ്മാന്റെ പ്രകൃതി, സാംസ്കാരിക സൗന്ദര്യം എന്നിവ എടുത്തുകാണിക്കുകയും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.

ടൂറിസം വികസനത്തിലേക്കും പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ശാന്തമായ കാലാവസ്ഥകൊണ്ടും പാരിസ്ഥിതിക വൈവിധ്യങ്ങൾകൊണ്ടും പ്രകൃതിസൗന്ദര്യത്താലും ആഘോഷിക്കപ്പെടുന്ന എമിറേറ്റാണ് അജ്മാൻ.

കൂടാതെ വിശാലമായ കൃഷിയിടങ്ങളും താഴ്വരകളും കടൽത്തീരങ്ങളുമെല്ലാം അജ്മാനിലുണ്ട്. ഇവിടങ്ങളെല്ലാം സന്ദർശിക്കാൻ പദ്ധതിയിൽ പങ്കെടുക്കുന്ന റൈഡർമാർക്കാവും.

മനോഹരമായ ലെഷാൻ പർവതം, ചരിത്രപ്രസിദ്ധമായ അജ്മാൻ മ്യൂസിയം, മേഖലയിലെ ഏറ്റവും അമൂല്യമായ പാരിസ്ഥിതിക കേന്ദ്രങ്ങളിലൊന്നായ അൽ സോറ നാച്ചുറൽ റിസർവ് എന്നിവയെല്ലാം കാണാം.

അജ്മാൻ പോലീസും റൈഡ് ഫോർ ദ കമ്യൂണിറ്റി 2025 സംരംഭത്തോട് സഹകരിക്കുന്നുണ്ട്. എമിറേറ്റിലെ താമസക്കാരുടെയും സന്ദർശകരുടെയും സന്തോഷം ഒരുപോലെ ഉയർത്താൻ കഴിയുന്ന നൂതന സംരംഭങ്ങൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് വകുപ്പെന്ന് അൽ ഹാഷ്മി വ്യക്തമാക്കി.

കമ്യൂണിറ്റി ടൂറിസം, സുസ്ഥിര സ്പോർട്സ് ടൂറിസം എന്നിവയിൽ മുൻനിരയിലെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.