ദുബായ്: മുന്നൂറ് കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ദുബായ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റു ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. യു.എ.ഇയിൽ വിതരണം ചെയ്യാനായി എത്തിച്ച മയക്കുമരുന്ന് ഗുളികകളാണ് പോലീസ് പിടികൂടിയത്.

To advertise here,

രാജ്യത്ത് വിതരണം ചെയ്യാനായി വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ദുബായ് പോലീസ് നടത്തിയ തിരച്ചിലിലാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിലായത്. ഏതാണ്ട് 2068 കിലോ മയക്കു മരുന്ന് ഗുളികകൾ പോലീസ് കണ്ടെത്തി.

113 പെട്ടികളിലായാണ് മയക്കുമരുന്ന് രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്നത്. പ്രതികളുടെ നീക്കം രഹസ്യമായി നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ് എന്ന് ദുബായ് പോലീസ് വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ 11.5 കോടി ദിർഹം മൂല്യമുള്ള മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടിയാൽ 301 കോടിയിലധികമാണ് ഈ മയക്കുമരുന്നിന്റെ വില.

പിടിയിലായ 14 പേരും ഏഷ്യൻ വംശജരാണെന്ന് ദുബായ് പോലീസ് അറിയിച്ചു. ഇവർക്കെതിരായ നിയമ നടപടി പുരോഗമിക്കുകയാണ്.