അബുദാബി : എമിറേറ്റിലെ ഗതാഗതസൗകര്യങ്ങൾ വർധിപ്പിക്കാനായി ഒട്ടേറെ വികസന, വിപുലീകരണ പദ്ധതികൾ പൂർത്തിയാക്കി. റോഡുകൾ, പാലം, തുരങ്കം എന്നിവയ്ക്കുവേണ്ടിയാണ് അബുദാബി മുനിസിപ്പാലിറ്റി, ട്രാൻസ്പോർട്ട് വകുപ്പിന്റെ (ഡിഎംടി) മേൽനോട്ടത്തിൽ പദ്ധതികൾ പൂർത്തീകരിച്ചത്. ഒരുവർഷം നീണ്ടുനിന്ന നിർമാണപ്രവർത്തനങ്ങളിലൂടെയായിരുന്നു വികസനപദ്ധതികളുടെ പൂർത്തീകരണം.
വേനലവധികഴിഞ്ഞുള്ള പുതിയ അധ്യയനവർഷാരംഭത്തോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ റോഡുകളും പാലങ്ങളുമടക്കം നിർമിച്ച് ഗതാഗതസൗകര്യങ്ങൾ വിപുലീകരിച്ചത്. കൂടാതെ, അബുദാബി ഈമാസവും അടുത്തമാസവുമായി 12-ലേറെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും വേദിയാകുന്നുണ്ട്. ഏതാണ്ട് 750 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന വൻകിട നിർമാണപ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികളും മുനിസിപ്പാലിറ്റിയും ഗതാഗതവകുപ്പും ദീർഘകാല വികസനപദ്ധതിയുടെ ഭാഗമായി ആസൂത്രണംചെയ്തിട്ടുണ്ട്.
മിഡിലീസ്റ്റിലെ താമസയോഗ്യമായ പ്രധാനനഗരമാണ് അബുദാബി. ലോകത്തിലെ മികച്ച 10 സ്മാർട്ട് സിറ്റികളിൽ ഉൾപ്പെടുകയും ആഗോളതലത്തിൽ സുരക്ഷിത നഗരമെന്ന നേട്ടത്തിലെത്തുകയും ചെയ്തതിന്റെ ഭാഗമായാണ് വൻകിട വികസനപദ്ധതികളും നടപ്പാക്കുന്നത്. ഇതിനകം നടപ്പാക്കിയതും നടപ്പാക്കാനിരിക്കുന്നതുമായ പദ്ധതികൾ അടിസ്ഥാനസൗകര്യവികസനം, പൗരർക്കും താമസക്കാർക്കും നൽകുന്ന ഉയർന്ന സേവനങ്ങൾ എന്നിവ മുന്നിൽക്കണ്ടുള്ളതാണ്. അടിസ്ഥാനസൗകര്യ വികസനമെന്നത് സുസ്ഥിരമായ ഭാവി മുന്നിൽക്കണ്ടുള്ളതാണെന്നും അധികൃതർ പറഞ്ഞു.
ശൈഖ് സായിദ് സ്ട്രീറ്റ്, സയീദ് ബിൻ അഹമ്മദ് അൽ ഒതൈബ സ്ട്രീറ്റ്, അബ്ദുൾ റഹ്‌മാൻ മഖ്ലൗഫ് സ്ട്രീറ്റ്, അൽ ഫലാഹ് സ്ട്രീറ്റ് ഇന്റർസെക്‌ഷൻ എന്നിവയുൾപ്പെടെ ഒട്ടേറെ വിപുലീകരണങ്ങളാണ് ഭാവിയിൽ പൂർത്തിയാക്കാനിരിക്കുന്നത്. ഗതാഗതസൗകര്യം വർധിപ്പിക്കൽ, നഗരവികസനം എന്നിവ മുന്നിൽക്കണ്ടുകൊണ്ട് മിന സായിദ് തുരങ്കവും ഒരുങ്ങുന്നുണ്ട്. സുഗമമായ ഗതാഗതത്തിനായുള്ള ശൈഖ് സായിദ് തുരങ്കത്തിന്റെ അറ്റകുറ്റപ്പണികളും പുനരധിവാസപ്രവർത്തനങ്ങളും മുനിസിപ്പാലിറ്റി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
വിദ്യാർഥി സുരക്ഷ
‘ബാക് ടു സ്കൂൾ’ കാലം മുന്നിൽക്കണ്ടുകൊണ്ട് വിദ്യാർഥികളുടെ സുരക്ഷയ്ക്കായി എമിറേറ്റിലെ സ്കൂളുകൾക്കുസമീപത്തെ 145 പ്രദേശങ്ങളിൽ മുനിസിപ്പാലിറ്റി വിവിധ നിർമാണങ്ങളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. വിദ്യാർഥികളുടെ സുഗമമായ യാത്രാസൗകര്യവും മറ്റും കണക്കിലെടുത്ത് 24 മണിക്കൂറും ജോലിചെയ്താണ് പദ്ധതി പൂർത്തിയാക്കിയത്.
റോഡുകൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ, വിപുലീകരണം, കാൽനട ക്രോസിങ്ങുകളിലെ ടൈലുകൾ ഇളക്കിയെടുത്ത് പുതിയവ പാകൽ, റോഡുകളിലേക്കുള്ള മണ്ണിടിച്ചിൽ തടയൽ, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സന്ദർശകർക്കും കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ സജ്ജീകരിക്കൽ, റോഡ് അടയാളങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ വികസന വിപുലീകരണപ്രവർത്തനങ്ങളിൽ ഉൾപ്പെടും.
യാത്രാസമയം കുറയ്ക്കും
ഡിഎംടി നടപ്പാക്കിയ അബുദാബിയിലുടനീളമുള്ള ഒട്ടേറെ ഗതാഗതശൃംഖലാ വികസനപദ്ധതികൾവഴി ഗതാഗതം സുഗമമാക്കുന്നതിനും ഏതാനും സുപ്രധാനറോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ യാത്രാസമയം 80 ശതമാനം കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്. അൽ ദഫ്ര മേഖലയിലെ ഹീലിയോ-അബു അൽ അബ്യാദ് റോഡ്, അബുദാബിയിലെ ഷഖ്ബൗട്ട് ബിൻ സുൽത്താൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് ഇന്റർസെക്‌ഷനിൽ 31.5 കോടി ദിർഹം ചെലവിൽ രണ്ടുപാലങ്ങൾ തുറക്കൽ, 247 കിലോമീറ്റർ പുതിയ സൈക്കിൾ പാതകൾ കൂട്ടിച്ചേർക്കൽ എന്നിവയും ഉൾപ്പെടും. മൊത്തം 1200 കിലോമീറ്റർ വിപുലീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്. കാര്യക്ഷമമായ റോഡ് വിപുലീകരണത്തിലൂടെ യാത്രാസമയം 40 ശതമാനം കുറയുകയും വാഹനാപകടങ്ങൾ 23 ശതമാനം കുറയുകയും ചെയ്തതായി അധികൃതർ പഠനങ്ങളിലൂടെ വിശദമാക്കി.
തുരങ്കവുമായി നേരിട്ടുബന്ധിപ്പിച്ചിരിക്കുന്ന ശൈഖ് ഖലീഫ പാലത്തിലെ ഗതാഗതസൗകര്യവും 25 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ട്. നഗരവികസനം കൂടുതൽ മെച്ചപ്പെടുത്താനായി മിന സായിദ് തുരങ്കം വിപുലീകരിക്കാനും പദ്ധതിയുണ്ട്. 2050 ആകുമ്പോഴേക്കും ഏതാണ്ട് 3.4 കോടി മണിക്കൂർ യാത്രാസമയം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
കൂടുതൽ ട്രാഫിക് ലൈറ്റുകൾ
ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ മൻഹാൽ സ്ട്രീറ്റിലും മദീനത്ത് അൽ റിയാദിലും സുഗമമായ ഗതാഗതം ഒരുക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പ്രധാന എക്സിറ്റുകൾ, നടപ്പാതകൾ എന്നിവിടങ്ങളിലും കൂടുതൽ ലൈറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. 8600 മീറ്റർ നീളത്തിൽ ഉൾറോഡുകൾ, ഹൈവേ അറ്റകുറ്റപ്പണികളും വിപുലീകരണപദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുനിസിപ്പാലിറ്റിക്ക് കൂടുതൽ സാമ്പത്തികവരുമാനങ്ങളും വിപുലീകരണപദ്ധതികളിലൂടെ ലഭിക്കാനും സാഹചര്യമൊരുങ്ങും. പരിസ്ഥിതിക്കനുകൂലമായി ഏകദേശം 65,000 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വിടുന്നതും തടയാൻ സാധിക്കും. 30 ലക്ഷം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിത്. വായുമലിനീകരണം ഗണ്യമായി കുറയ്ക്കാനും സാധിക്കും. അബുദാബിയുടെ വ്യവസായ-വാണിജ്യ വളർച്ചയിലൂടെ സമ്പദ്‌വ്യവസ്ഥ പുരോഗമിക്കാനും വികസന വിപുലീകരണ പദ്ധതികളിലൂടെ സാധിക്കും.
Content Highlights: Abu Dhabi Boosts Transportation with New Projects
Published: 19 Aug 2025, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented