അബുദാബി: ബാങ്കിങ് ആവശ്യങ്ങൾക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നതിന് യു.എ.ഇ. സെൻട്രൽ ബാങ്ക് കർശനമായ വിലക്കേർപ്പെടുത്തി. തട്ടിപ്പ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം.

To advertise here,

യു.എ.ഇ.യിലെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തിക സേവനങ്ങൾ നൽകാനോ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനോ വാട്സ്സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ ഇനി മുതൽ ഉപയോഗിക്കാൻ പാടില്ലെന്നും യു.എ.ഇ. സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു.

ഇത് സംബന്ധിച്ച പ്രത്യേക നിർദേശവും പുറത്തിറക്കി. വാട്‌സാപ്പ് വഴി വ്യക്തിഗതവിവരങ്ങൾ പങ്കുവെക്കുമ്പോൾ തട്ടിപ്പുകാർക്കും ഹാക്കർമാർക്കും വിവരങ്ങൾ എളുപ്പത്തിൽ ചോർത്താൻ സാധിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കൂടാതെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആളുകളെ പറ്റിക്കുന്ന കേസുകൾ, അക്കൗണ്ടുകൾ കൈക്കലാക്കുന്ന രീതി എന്നിവയും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബാങ്ക് ഈ വിഷയത്തിൽ കർശനമായ നിർദേശം പുറത്തിറക്കിയത്.