ജിദ്ദ: പ്രവാസലോകത്ത് കാരുണ്യത്തിന്റെയും സാമൂഹിക സേവനത്തിന്റെയും മാതൃകയായി സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (SAWA സവ) 26-ാം വർഷത്തിലേക്ക്. ജിദ്ദയിലും സമീപ പ്രദേശങ്ങളിലുമുള്ള ആലപ്പുഴ സ്വദേശികളുടെ കൂട്ടായ്മയായ സവ, രണ്ടര പതിറ്റാണ്ടിലേറെയായി പ്രവാസി ക്ഷേമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക സുരക്ഷ, നാട്ടിലെ വികസന പ്രവർത്തനങ്ങൾ എന്നിവയിൽ സജീവമാണ്.

To advertise here,

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ വിപുലമായ സേവന പദ്ധതികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിർധന യുവതിയുടെ വിവാഹത്തിന് സാമ്പത്തിക സഹായം, അർഹരായവർക്ക് ഉപജീവനമാർഗമായി ഓട്ടോറിക്ഷ, സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള വിവിധ തൊഴിലുപകരണങ്ങൾ എന്നിവ വിതരണം ചെയ്യും. നവംബർ 30ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും പണ്ഡിതനുമായ അൻസാരി സുഹ്രി പദ്ധതികളുടെ വിതരണം നിർവഹിക്കും.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന ആവശ്യവും സവ ഉന്നയിക്കുന്നുണ്ട്. നോർക്ക കെയർ പദ്ധതിയുടെ വർധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം പിൻവലിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികളിൽ ഏതാനും മാസത്തെ കുടിശ്ശിക മാത്രമുള്ളവർക്ക് അത് അടച്ചുതീർത്ത് പദ്ധതിയുടെ ആനുകൂല്യം തുടരാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

പ്രവാസി അംഗത്വം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ മെമ്പർഷിപ്പ് ക്യാമ്പയിനും ആരംഭിച്ചു. ഡോ. ഇർഫാൻ നിവാസ് ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സഹകരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തി മാതൃകാപരമായ പ്രവാസി സമൂഹത്തെ വളർത്തിയെടുക്കുകയാണ് സവയുടെ പ്രധാന ലക്ഷ്യം. പ്രവാസികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുക, തൊഴിൽ-നിയമ പ്രശ്‌നങ്ങളിൽ മാർഗനിർദേശം നൽകുക, പ്രവാസികളുടെ പുനരധിവാസത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾക്കും പിന്തുണ നൽകുക എന്നിവയും സംഘടനയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

നിർധന രോഗികൾക്കുള്ള ചികിത്സാ സഹായം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഭവനനിർമാണ സഹായം, വിവാഹ ധനസഹായം, വിധവകൾക്കുള്ള പെൻഷൻ, ഓട്ടോറിക്ഷ, തയ്യൽ മെഷീൻ തുടങ്ങിയ തൊഴിലുപകരണങ്ങളുടെ വിതരണം എന്നിവയിലൂടെ നിരവധി കുടുംബങ്ങൾക്ക് സംഘടന കൈത്താങ്ങായിട്ടുണ്ട്. ആംബുലൻസ് സേവനവും സംഘടനയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്നാണ്.

നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ, തൊഴിൽ-നിയമ പ്രശ്‌നങ്ങളിൽ സഹായം, ഹജ്ജ് തീർത്ഥാടകർക്ക് സേവനങ്ങൾ എന്നിവയും സവയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.

വിദ്യാഭ്യാസ മേഖലയിലും യുവജന ശാക്തീകരണത്തിലും സംഘടന ശ്രദ്ധ ചെലുത്തുന്നുണ്ട്. മികച്ച വിജയം നേടുന്ന പ്രവാസി വിദ്യാർഥികൾക്ക് അവാർഡുകളും ക്യാഷ് പ്രൈസുകളും നൽകുന്നതിനൊപ്പം കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം എന്നിവയും സംഘടിപ്പിക്കുന്നു.

പ്രവാസികളുടെ കുടുംബങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനായി കുടുംബ സംഗമങ്ങൾ, കായിക മേളകൾ, ഓണാഘോഷം, ഇഫ്താർ സംഗമങ്ങൾ, സാഹിത്യ ചർച്ചകൾ, വായനാക്കൂട്ടായ്മകൾ തുടങ്ങിയ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചുവരുന്നു.

വർഷാവസാനത്തോടെ വാർഷിക പൊതുയോഗം, അർഹരായവർക്ക് വിവാഹ ധനസഹായവും തൊഴിലുപകരണങ്ങളും വിതരണം ചെയ്യൽ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാനും സംഘടന ലക്ഷ്യമിടുന്നു.

ജിദ്ദയിലും സമീപ പ്രദേശങ്ങളിലുമുള്ള ആലപ്പുഴ സ്വദേശികളായ പ്രവാസികൾക്ക് സവയിൽ അംഗങ്ങളായി ചേർന്ന് സംഘടനയുടെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാമെന്ന് ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ സവ പ്രസിഡന്റ് മുസ്തഫ അബ്ദുൽ സലാം, മുഖ്യ രക്ഷാധികാരി നസീർ വാവാക്കുഞ്ഞ്, ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ, ട്രഷറർ സിദ്ധീഖ് മണ്ണഞ്ചേരി, സെക്രട്ടറി ഇർഷാദ് ആറാട്ടുപുഴ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൊഅയ്ബ് സലാം, സൽമാൻ അഷ്‌റഫ് എന്നിവർ പങ്കെടുത്തു.