റിയാദ്: സൗദി അറേബ്യയുടെ പരമ്പരാഗത ഭക്ഷണങ്ങളും പാചകരീതികളും സംരക്ഷിക്കുന്നതിനായി ആരംഭിച്ച പദ്ധതി പൂർത്തിയായി. 2022-ൽ ആരംഭിച്ച പദ്ധതി 42 മാസം നീണ്ടുനിന്ന പ്രവർത്തനങ്ങൾക്കൊടുവിലാണ് പൂർത്തിയാക്കിയതെന്ന് കുലിനറി ആർട്സ് കമ്മീഷൻ അറിയിച്ചു. സൗദിയുടെ പഴയകാല ഭക്ഷണരീതികളും പാചകവുമായി ബന്ധപ്പെട്ട അറിവുകളും അടുത്ത തലമുറയ്ക്ക് കൈമാറുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 1,476 പരമ്പരാഗത ഭക്ഷണവിഭവങ്ങൾ, പാചകക്കുറിപ്പുകൾ, പാചകരീതികൾ, ഭക്ഷണവുമായി ബന്ധപ്പെട്ട ആചാരങ്ങൾ എന്നിവ ശേഖരിച്ച് രേഖപ്പെടുത്തി. പാചകവിദഗ്ധർ, ഗവേഷകർ, പാചകമേഖലയിൽ പ്രവർത്തിക്കുന്നവർ, നാട്ടുകാർ എന്നിവരടക്കം 2,746 പേർ പദ്ധതിയിൽ പങ്കാളികളായി.
സൗദിയിലെ 94 നഗരങ്ങളിലും ഗവർണറേറ്റുകളിലുമാണ് വിവരശേഖരണം നടത്തിയത്. ഓരോ പ്രദേശത്തെയും പ്രത്യേക ഭക്ഷണരീതികളും അവിടത്തെ സംസ്കാരവുമായി ബന്ധപ്പെട്ട പാചക പാരമ്പര്യങ്ങളും ഇതിലൂടെ കണ്ടെത്താനായി.
ശേഖരിച്ച വിവരങ്ങൾ ഗവേഷണത്തിനും പഠനത്തിനും ഭാവിയിലെ പദ്ധതികൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ക്രമീകരിച്ച് സൂക്ഷിക്കും. പഴയകാല പാചക രീതികളും അറിവുകളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും സൗദിയുടെ തനതായ ഭക്ഷണസംസ്കാരം സംരക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയിലൂടെ ശേഖരിച്ച വിവരങ്ങൾ ഭാവിയിലെ വിവിധ പരിപാടികളിലും പദ്ധതികളിലും ഉപയോഗിക്കും. വിദഗ്ധരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിവരശേഖരം കൂടുതൽ വിപുലീകരിക്കാനും കമ്മീഷൻ ലക്ഷ്യമിടുന്നു.
Published: 19 Nov 2026, 12:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented