റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലുള്ള സ്‌പോർട്‌സ് സെന്ററുകളിലും ജിമ്മുകളിലും 15 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. തീരുമാനത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന സാവകാശ കാലാവധി അവസാനിച്ചതോടെയാണ് ഇന്ന് (ബുധനാഴ്ച) മുതൽ നിയമം നടപ്പാക്കിത്തുടങ്ങിയത്. മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും കായിക മന്ത്രാലയവും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

നിശ്ചിത കായിക പ്രൊഫഷനുകളിൽ നാലോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഈ തസ്തികകളിൽ 15 ശതമാനം സ്വദേശിവൽക്കരണം നിർബന്ധമായും നടപ്പാക്കണം. രാജ്യത്തെ പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കായികരംഗത്തെ വിദഗ്ധ മേഖലകളിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുകയുമാണ് തീരുമാനത്തിന്റെ ലക്ഷ്യം.

പുരുഷന്മാർക്കും വനിതകൾക്കുമായുള്ള സ്‌പോർട്‌സ് സെന്ററുകളിലും ജിമ്മുകളിലുമായി 12 തൊഴിൽ മേഖലകളാണ് സ്വദേശിവൽക്കരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്‌പോർട്‌സ് പരിശീലകൻ, ഫിറ്റ്‌നസ് പരിശീലകൻ, പ്രൊഫഷണൽ ഫുട്‌ബോൾ പരിശീലകൻ, റാക്കറ്റ് സ്‌പോർട്‌സ് പരിശീലകൻ, വാട്ടർ സ്‌പോർട്‌സ് പരിശീലകൻ, പേഴ്‌സണൽ സ്‌പോർട്‌സ് പരിശീലകൻ, അത്ലറ്റിക്‌സ് പരിശീലകൻ, സ്‌പോർട്‌സ് സൂപ്പർവൈസർ, ഐസ് സ്‌പോർട്‌സ് പരിശീലകൻ, കുതിരസവാരി പരിശീലകൻ, സ്വയംപ്രതിരോധ കായിക പരിശീലകൻ, ബോൾ സ്‌പോർട്‌സ് പരിശീലകൻ എന്നിവയാണ് ഈ മേഖലകൾ.

തീരുമാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനാ വിഭാഗങ്ങൾ പരിശോധന ആരംഭിച്ചു. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടികളും പിഴകളും സ്വീകരിക്കും.

സ്വദേശിവൽക്കരണ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ നിശ്ചിത നിരക്ക് പാലിക്കണമെന്നും ലക്ഷ്യമിടുന്ന തൊഴിൽ മേഖലകളും സ്വദേശിവൽക്കരണ നിരക്ക് കണക്കാക്കുന്ന രീതിയും അറിയുന്നതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നടപടിക്രമ മാർഗനിർദേശം പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

നിയമലംഘനങ്ങൾ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഏകീകൃത നമ്പറായ 19911-ൽ വിളിച്ചോ അറിയിക്കാം.

രാജ്യത്തെ കായിക മേഖലയുടെ ഭാവി നയിക്കാൻ പ്രാപ്തിയുള്ള വിദഗ്ധ മനുഷ്യവിഭവശേഷി വളർത്തിയെടുക്കുന്നതിനും സ്വദേശികളായ യുവാക്കൾക്കും യുവതികൾക്കും മികച്ച തൊഴിലവസരങ്ങൾ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.