റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ (KAFD) ഒരു കെട്ടിടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. ഹൂതി മിലീഷ്യയുടെ ശത്രുതാപരമായ നീക്കങ്ങൾ ഉയർത്തുന്ന അപകടസാധ്യതയാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
സംഭവമുണ്ടായ ഉടൻ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി അംഗീകരിച്ചിട്ടുള്ള അടിയന്തര നടപടികളും സുരക്ഷാ ക്രമീകരണങ്ങളും നടപ്പാക്കിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.
അതേസമയം, റിയാദിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതികൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. മേഖലയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ സുരക്ഷയ്ക്ക് ഹൂതി മിലീഷ്യ ഭീഷണിയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ ആസ്തികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യയ്ക്ക് പൂർണ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ഭൂപ്രദേശത്തിനോ ദേശീയ ആസ്തികൾക്കോ നേരെയുള്ള ഒരു ആക്രമണവും അംഗീകരിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹൂതി ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളും ഉത്തരവാദിത്വം നിറവേറ്റണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കണമെന്നും സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Published: 20 Nov 2026, 12:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented