റിയാദ്: വിദേശ നിയമസ്ഥാപനങ്ങൾക്ക് സൗദി അറേബ്യയിൽ പ്രൊഫഷണൽ കമ്പനികൾ സ്ഥാപിക്കാൻ അനുമതി നൽകുന്ന അഭിഭാഷക നിയമത്തിലെ ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.

To advertise here,

ഗൾഫ് സഹകരണ കൗൺസിലിന്റെ 41-ാമത് ഉച്ചകോടിയിൽ അംഗീകരിച്ച രണ്ട് തീരുമാനങ്ങൾ നടപ്പാക്കാനും മന്ത്രിസഭ അംഗീകാരം നൽകി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും പ്രതികരിക്കുന്നതിനുമുള്ള പൊതുജനാരോഗ്യ പദ്ധതിയുടെ ഗൾഫ് ചട്ടക്കൂടും ആരോഗ്യരംഗത്തെ ആദ്യകാല മുന്നറിയിപ്പ് സംവിധാനത്തിനുള്ള മാർഗനിർദേശവുമാണ് ഇതിൽ ഉൾപ്പെടുന്നത്.

സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുക, ഊർജ വിപണികളുടെ സ്ഥിരത ഉറപ്പാക്കുക, സമുദ്രപാതകളുടെ സുരക്ഷയും സ്വതന്ത്രമായ കപ്പൽ ഗതാഗതവും നിലനിർത്തുക തുടങ്ങിയ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളുമായി അടുത്തിടെ നടത്തിയ ചർച്ചകളും മന്ത്രിസഭ വിലയിരുത്തി. ആഗോള വ്യാപാരത്തിന്റെയും വിതരണ ശൃംഖലയുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.