റിയാദ്: കേടുപാടുകളുള്ളതോ വ്യക്തമായി വായിക്കാൻ കഴിയാത്തതോ മറച്ചുവെച്ചതോ ആയ ലൈസൻസ് പ്ലേറ്റുമായി വാഹനം ഓടിക്കുന്നവർക്ക് 1,000 മുതൽ 2,000 സൗദി റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റിലെ വിവരങ്ങൾ വ്യക്തമായി വായിക്കാൻ കഴിയാത്തതും, വാഹനത്തിന്റെ രജിസ്‌ട്രേഷൻ രേഖയായ ഇസ്തിമാരയിലെ വിവരങ്ങളുമായി പൊരുത്തപ്പെടാത്തതും നിയമലംഘനമായി കണക്കാക്കും.

To advertise here,

കേടായ ലൈസൻസ് പ്ലേറ്റുകൾ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാറ്റുന്നതിനുള്ള സൗകര്യം ട്രാഫിക് ഡയറക്ടറേറ്റ് ഒരുക്കിയിട്ടുണ്ട്. പിഴ ഒഴിവാക്കുന്നതിനായി വാഹന ഉടമകൾക്ക് ഈ സേവനം ഉപയോഗിക്കാം.

സൗദി ട്രാഫിക് നിയമപ്രകാരം പിൻവശത്തെ ലൈസൻസ് പ്ലേറ്റ് ഇല്ലാതെയോ, ഒരു ലൈസൻസ് പ്ലേറ്റും ഇല്ലാതെയോ വാഹനം ഓടിക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ്. ഇതിന് 3,000 മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തും. നിയമലംഘനം പരിഹരിക്കുന്നതുവരെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും.

അതേസമയം, മറ്റൊരു വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പരമാവധി 10,000 റിയാൽ വരെ പിഴ ചുമത്തും.