റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ സ്‌കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ട് ഓൺലൈൻ പഠനത്തിലേക്ക് മാറുന്നു. ഞായറാഴ്ച രക്ഷിതാക്കൾക്ക് സ്‌കൂളുകളിൽ നിന്ന് ലഭിച്ച ഇ-മെയിൽ സന്ദേശങ്ങൾ ഉദ്ധരിച്ച് എ.എഫ്.പി.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സൗദി അധികൃതരുടെ നിർദേശപ്രകാരമാണ് സ്‌കൂളുകൾ ഈ ആഴ്ച മുഴുവൻ അടച്ചിടുന്നതെന്നും ഓൺലൈൻ പഠനം തുടരുമെന്നും രണ്ട് വ്യത്യസ്ത സന്ദേശങ്ങളിൽ അറിയിച്ചതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്തു.

To advertise here,

സ്‌കൂളുകൾ അടച്ചിടാനുള്ള ഔദ്യോഗിക കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെയാണ് പുതിയ തീരുമാനം. യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിവരുന്നതിനിടെയാണ് റിയാദിലെ സ്‌കൂളുകളിൽ പഠനം ഓൺലൈനിലേക്ക് മാറ്റുന്നത്.സൗദിയെ ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി കഴിഞ്ഞ ദിവസം സഖ്യസേന അറിയിച്ചിരുന്നു.

വർഷങ്ങളായി നിലനിന്നിരുന്ന വെടിനിർത്തൽ തകർന്നതിനെ തുടർന്ന് ജൂലൈയിൽ ഹൂതി ആക്രമണങ്ങൾ വീണ്ടും ശക്തമായിരുന്നു. ഇതോടെ യമനിലെ സംഘർഷം കൂടുതൽ വിശാലമായ മധ്യപൂർവദേശ സംഘർഷത്തിന്റെ ഭാഗമായതായും റിപ്പോർട്ടുകളുണ്ട്.സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങൾ വർധിക്കുന്നതിൽ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലും നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് പരിക്കേറ്റതായും സുരക്ഷാ കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു.