റിയാദ്: ഹൂതി വിമതർക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും ലഭിക്കുന്നത് തടയാൻ അന്താരാഷ്ട്ര സഹകരണം ശക്തമാക്കണമെന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ ആഹ്വാനത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

To advertise here,

സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്‌ക്കെതിരായ ഹൂതി ആക്രമണങ്ങളെയും ചെങ്കടൽ, ബാബുൽ മന്ദബ് കടലിടുക്ക് എന്നിവിടങ്ങളിലെ കപ്പൽ ഗതാഗതത്തിന് ഉയരുന്ന ഭീഷണികളെയും രക്ഷാസമിതി അപലപിച്ചിരുന്നു. യു.എൻ രക്ഷാസമിതി പ്രമേയം 2216 ഉൾപ്പെടെയുള്ള പ്രമേയങ്ങൾ പൂർണമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 2025ൽ മുൻവർഷത്തേക്കാൾ 33.5 ശതമാനം വർധിച്ചതായി യോഗം വിലയിരുത്തി. വിഷൻ 2030 ന്റെ ഭാഗമായി നടപ്പാക്കിയ സാമ്പത്തിക, ഘടനാപരമായ പരിഷ്‌കാരങ്ങളാണ് രാജ്യത്തിന്റെ നിക്ഷേപ ആകർഷണീയത വർധിപ്പിച്ചതെന്നും മന്ത്രിസഭ വ്യക്തമാക്കി.

പേറ്റന്റ്, യൂട്ടിലിറ്റി മോഡൽ നിയമങ്ങൾക്കും ഡിസൈൻ നിയമത്തിനും പുതിയ സസ്യ ഇനങ്ങളുമായി ബന്ധപ്പെട്ട നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. സാങ്കേതികവിദ്യാ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ദേശീയ വ്യവസായങ്ങളുടെ മത്സരശേഷി വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

സൈബർ സുരക്ഷാ രംഗത്ത് സഹകരണം ശക്തമാക്കുന്നതിനായി റിയാദിൽ ഇസ്ലാമിക സഹകരണ സംഘടനയുടെ മന്ത്രിതല സൈബർ സുരക്ഷാ കൗൺസിലിന്റെ ആസ്ഥാനം സ്ഥാപിക്കുന്ന തീരുമാനത്തെയും മന്ത്രിസഭ സ്വാഗതം ചെയ്തു. സുസ്ഥിര ഗ്രാമീണ കാർഷിക വികസന പദ്ധതി 2032 അവസാനംവരെ തുടരാനും യോഗം തീരുമാനിച്ചു.