റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയ്ക്കുള്ള ബാങ്ക് വായ്പകൾ 3.32 ട്രില്യൺ റിയാലായി ഉയർന്നു. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വായ്പയിൽ ആറുശതമാനം വർധനയുണ്ടായി. രാജ്യത്ത് പുതിയ നിക്ഷേപ രജിസ്ട്രേഷനുകളും വലിയ തോതിൽ വർധിച്ചതായി സൗദി ചേംബേഴ്സ് ഫെഡറേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
'വോയ്സ് ഓഫ് ബിസിനസ്' എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 2026-ലെ രണ്ടാംപാദത്തിൽ 9,018 പുതിയ നിക്ഷേപ രജിസ്ട്രേഷനുകളാണ് രേഖപ്പെടുത്തിയത്. 2025-ലെ ഇതേ കാലയളവിൽ ഇത് 2,561 മാത്രമായിരുന്നു. രജിസ്ട്രേഷൻ രീതി മാറിയതും ഈ കണക്കിലെ വ്യത്യാസത്തിന് കാരണമായിട്ടുണ്ട്.
രാജ്യത്തെ സജീവമായ ബിസിനസ് രജിസ്ട്രേഷനുകളിൽ 48 ശതമാനവും വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 11.3 ലക്ഷമായി ഉയർന്നു. വനിതകളുടെ തൊഴിൽ പങ്കാളിത്തം 2017-ലെ 18 ശതമാനത്തിൽനിന്ന് 2026-ൽ 33.7 ശതമാനമായും വർധിച്ചു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പയിലും വർധനയുണ്ടായി. 2026-ലെ രണ്ടാംപാദത്തിൽ ഇത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പ 16.5 ശതമാനം വർധിച്ച് 490.8 ബില്യൺ റിയാലിലെത്തി. സ്വകാര്യ മേഖലയ്ക്കുള്ള ആകെ വായ്പയുടെ 11.7 ശതമാനമാണിത്.
റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവയ്ക്ക് പുറത്തുള്ള ആറ് മേഖലകളിൽ സ്വകാര്യ മേഖലയിലെ തൊഴിൽവളർച്ച ദേശീയ ശരാശരിയായ ഏഴ് ശതമാനത്തേക്കാൾ കൂടുതലാണ്. നജ്റാനാണ് ഏറ്റവും മുന്നിൽ. ഇവിടെ തൊഴിൽ വളർച്ച 45.7 ശതമാനമാണ്. ഹായിൽ 13.7 ശതമാനം, ഖസീം 11.5 ശതമാനം, നോർത്തേൺ ബോർഡേഴ്സ് 10.5 ശതമാനം, അസീർ ഒമ്പത് ശതമാനം, ജിസാൻ 7.9 ശതമാനം എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ വളർച്ച.
അതേസമയം, രാജ്യത്തെ പുതിയ വാണിജ്യ ഇടപാട് നിയമത്തെക്കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. 271 വകുപ്പുകളുള്ള പുതിയ നിയമം നിലവിലുള്ള മൂന്ന് നിയമങ്ങൾക്ക് പകരമായാണ് വരുന്നത്. വാണിജ്യ നിയമം, വാണിജ്യ രേഖാ നിയമം, വാണിജ്യ പുസ്തകങ്ങളുമായി ബന്ധപ്പെട്ട നിയമം എന്നിവയാണ് ഇതോടെ ഏകീകരിക്കുന്നത്.
വാണിജ്യ വിൽപന, സാധനങ്ങളുടെ വിതരണം, ഇടനിലക്കച്ചവടം, ഏജൻസി പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചട്ടങ്ങളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമം ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷമായിരിക്കും പ്രാബല്യത്തിൽ വരിക. പുതിയ നിയമത്തിനനുസരിച്ച് കരാറുകളും നടപടിക്രമങ്ങളും ക്രമീകരിക്കാൻ സ്ഥാപനങ്ങൾക്ക് ഇതിലൂടെ സമയം ലഭിക്കും.
Published: 11 Nov 2026, 06:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented