ജിദ്ദ: സൗദി അറേബ്യയിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളയായ 'റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേള'യുടെ ആറാം പതിപ്പ് 2027-ലേക്ക് മാറ്റിവെച്ചു. 2026 ഡിസംബർ 3 മുതൽ 12വരെ ജിദ്ദയിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേളയാണ് മാറ്റിയത്. മേളയുടെ സമയക്രമം, ഇത്രയും വലിയ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ലോജിസ്റ്റിക് ആവശ്യകതകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് റെഡ് സീ ഫിലിം ഫൗണ്ടേഷൻ അറിയിച്ചു.

To advertise here,

2027-ലെ നാലാം പാദത്തിൽ ആറാം പതിപ്പ് നടത്താനാണ് നിലവിലെ തീരുമാനം. എന്നാൽ കൃത്യമായ തീയതികൾ പിന്നീട് ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിക്കും. പുതുക്കിയ പതിപ്പ് സൗദി, അറബ്, ഏഷ്യൻ, ആഫ്രിക്കൻ സിനിമകൾക്കും ആഗോള ചലച്ചിത്ര മേഖലയിലെ പ്രതിഭകൾക്കും വീണ്ടും വേദിയൊരുക്കുമെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി. മേള മാറ്റിവെച്ചെങ്കിലും റെഡ് സീ ഫിലിം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വർഷം മുഴുവൻ തുടരും. റെഡ് സീ ഫണ്ട്, റെഡ് സീ ലാബ്സ് എന്നിവയ്ക്ക് പുറമേ ചലച്ചിത്ര പ്രവർത്തകരെ പിന്തുണയ്ക്കുന്ന വിവിധ പദ്ധതികളും പരിപാടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, 2026 നവംബർ മുതൽ ചരിത്രപ്രസിദ്ധമായ ജിദ്ദ അൽബലദിലെ കൾച്ചർ സ്ക്വയറിൽ വർഷം മുഴുവൻ നടക്കുന്ന സിനിമാ-സാംസ്കാരിക പരിപാടികൾക്ക് തുടക്കമാകും. സിനിമാ പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ എന്നിവ ഇവിടെ സംഘടിപ്പിക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം.

2026 പതിപ്പിനായി അക്രഡിറ്റേഷൻ അപേക്ഷ നൽകിയവരുടെ നടപടികളും ഇതോടെ അവസാനിക്കും. അക്രഡിറ്റേഷൻ ഫീസ് അടച്ചവർക്ക് റീഫണ്ടിന് അർഹതയുണ്ടെന്നും, റീഫണ്ട് അപേക്ഷ സമർപ്പിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തുക തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അക്രഡിറ്റേഷൻ റീഫണ്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും അപേക്ഷകർ സ്വീകരിക്കേണ്ട തുടർനടപടികളും റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ അക്രഡിറ്റേഷൻ ടീം നേരിട്ട് അറിയിക്കും.

ജിദ്ദയുടെ ചരിത്രപ്രസിദ്ധമായ അൽബലദിൽ സിനിമാ ലോകത്തെ പ്രമുഖരെ ഒരുമിപ്പിച്ചിരുന്ന റെഡ് സീ ചലച്ചിത്രമേളയുടെ അടുത്ത അധ്യായത്തിനായി 2027 നാലാം പാദത്തിലേക്കാണ് ഇനി സിനിമാലോകത്തിന്റെ ശ്രദ്ധ.