റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 14,440 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ 10,827 പേരെ നടപടികൾ പൂർത്തിയാക്കി നാടുകടത്തി.
ജൂലൈ 30 മുതൽ ഓഗസ്റ്റ് അഞ്ച് വരെയുള്ള കാലയളവിൽ സുരക്ഷാ വിഭാഗങ്ങളും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റിലായവരിൽ 7,090 പേർ താമസനിയമം ലംഘിച്ചവരും, 3,932 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,418 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. യാത്രാ രേഖകൾ ലഭ്യമാക്കുന്നതിനായി 18,131 നിയമലംഘകരെ അവരുടെ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധി കാര്യാലയങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്. നാടുകടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി 6,357 പേരെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 1,593 പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ 40 ശതമാനം യമൻ പൗരന്മാരും 59 ശതമാനം എത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തുനിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 32 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകരെ അനധികൃതമായി കടത്തുകയോ താമസിപ്പിക്കുകയോ ജോലി നൽകുകയോ അഭയം നൽകുകയോ ചെയ്ത 25 പേരെയും സുരക്ഷാ വിഭാഗങ്ങൾ അറസ്റ്റ് ചെയ്തു. നിലവിൽ 29,995 പുരുഷന്മാരും 2,017 സ്ത്രീകളും ഉൾപ്പെടെ 32,012 വിദേശികൾ നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്.
നിയമലംഘകരെ രാജ്യത്തേക്ക് അനധികൃതമായി കൊണ്ടുവരുന്നതിനോ അവരെ കടത്തുന്നതിനോ താമസിപ്പിക്കുന്നതിനോ ജോലി നൽകുന്നതിനോ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളോ സ്വത്തുക്കളോ കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രാജ്യത്തുടനീളം അധികൃതർ നിർദേശിച്ചിട്ടുള്ള അടിയന്തര ഫോൺ നമ്പറുകൾ വഴി വിവരമറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: 14,440 individuals arrested in one week for residency, work, and border security violations. 10,827 violators have been deported after completing necessary procedures. Strict penalties including up to 15 years in prison and 1 million Riyal fine for assisting violators. Over 32,000 expats are currently undergoing legal procedures.
Published: 10 Aug 2026, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented