ജിദ്ദ: സൗദിയിലെ മക്ക, ജിദ്ദ, തായിഫ്, റിയാദ്, നജ്റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സിവിൽ ഡിഫൻസ് പുറപ്പെടുവിച്ച അപകട മുന്നറിയിപ്പുകൾ പിൻവലിച്ചു. ശനിയാഴ്ച രാവിലെയാണ് ദേശീയ മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി വിവിധ മേഖലകളിൽ അപകട മുന്നറിയിപ്പ് നൽകിയത്. മിനിറ്റുകൾക്കകം അപകടസാഹചര്യം അവസാനിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു.

To advertise here,

മക്ക മേഖല, തായിഫ്, ജിദ്ദ, യാൻബു എന്നിവിടങ്ങളിൽ ആദ്യം മുന്നറിയിപ്പ് നൽകിയ സിവിൽ ഡിഫൻസ് പിന്നീട് അപകടം ഒഴിഞ്ഞതായി അറിയിച്ചു. റിയാദ്, നജ്റാൻ, വാദി അൽദവാസിർ മേഖലകളിലും സമാനമായ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. ഈ പ്രദേശങ്ങളിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു.

മുന്നറിയിപ്പ് നിലനിൽക്കുന്ന സമയത്ത് സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. തുറസ്സായ സ്ഥലങ്ങളിൽ നിന്നും ചില്ലുകൾക്ക് സമീപത്തുനിന്നും മാറിനിൽക്കണം. ബാൽക്കണികളിലും കെട്ടിടങ്ങളുടെ മേൽക്കൂരകളിലും നിൽക്കരുതെന്നും നിർദേശിച്ചു.

പുറത്തുള്ളവർ ഏറ്റവും അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയോ ഉറപ്പുള്ള മറവിന് പിന്നിൽ അഭയം തേടുകയോ വേണം. ആളുകൾ കൂട്ടംകൂടുന്നതും സംഭവസ്ഥലങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതും ഒഴിവാക്കണം. സാഹചര്യം പൂർണമായും അവസാനിക്കുന്നതുവരെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സ്ഥിരീകരിക്കാത്ത വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് അഭ്യർഥിച്ചു. മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്ന നടപടികളുമായും അവ പതിച്ച സ്ഥലങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഇത്തരം നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.