റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘകരെ കണ്ടെത്തുന്നതിനായി നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 13,900 പേരാണ് സൗദിയിൽ അറസ്റ്റിൽ ആയത്. ഒക്ടോബർ 15 മുതൽ 21 വരെയുള്ള കാലയളവിൽ സൗദിയുടെ വിവിധ മേഖലകളിലായി നടത്തിയ പരിശോധനകളിലാണ് ഇത്രയും പേരെ പിടികൂടാനായത്. പിടിയിലായവരിൽ 6,600 പേർ താമസനിയമ ലംഘകരും 3,900 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,500 പേർ തൊഴിൽ നിയമലംഘകരും ഉൾപ്പെടും.

To advertise here,

നിയമവിരുദ്ധമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ചതിന്റെപേരിൽ പിടിയിലായത് 1,900 പേരാണ്. അതിർത്തി വഴി അനധികൃതമായി സൗദിയിൽനിന്നും പുറത്തുകടക്കാൻ ശ്രമിച്ച 22 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. നിയമലംഘകരെ കടത്തിക്കൊണ്ടുപോകുക, താമസിപ്പിക്കുക, ജോലിക്ക് നിയോഗിക്കുക, ഒളിവിൽ കഴിയാൻ സഹായിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 21 പേരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 37,600 പ്രവാസികൾക്കെതിരെ തുടർനടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. ഇതിൽ 2,200 സ്ത്രീകളും ഉൾപ്പെടുന്നു. യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 20,300 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് കൈമാറി. യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിനായി 6,600 പേരെ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് റഫർ ചെയ്തു. ഇതിനുപുറമെ, നിയമലംഘകരായ 7,900 പേരെ നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് സൗദിയിലേക്ക് കടക്കുന്നവർക്ക് സഹായം നൽകുക, രാജ്യത്തിനുള്ളിൽ നിയമ ലംഘകരെ വാഹനങ്ങളിൽ കൊണ്ടുപോകുക, താമസസൗകര്യം ഒരുക്കുക, ജോലി നൽകുക, ഒളിവിൽ കഴിയാൻ സഹായിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇത്തരം കുറ്റങ്ങൾക്ക് പരമാവധി 15 വർഷംവരെ തടവ്, 10 ലക്ഷം റിയാൽവരെ പിഴ എന്നിവ ശിക്ഷയായി നൽകും. നിയമലംഘനത്തിനുപയോഗിക്കുന്ന വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച കെട്ടിടങ്ങളും കണ്ടുകെട്ടുന്നതിനൊപ്പം കുറ്റക്കാരുടെ പേരുകൾ പരസ്യപ്പെടുത്താനും വ്യവസ്ഥയുണ്ട്. ഇത്തരം പ്രവൃത്തികൾ അറസ്റ്റ് ചെയ്യപ്പെടാവുന്ന ഗുരുതര കുറ്റകൃത്യങ്ങളാണെന്നും പൊതുമര്യാദയ്ക്കും വിശ്വാസ്യതയ്ക്കും വിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും സൗദിയുടെ മറ്റു മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.