റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ 14,154 പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 23 മുതൽ 29 വരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് നടപടി. അറസ്റ്റിലായവരിൽ 7,103 പേർ താമസനിയമം ലംഘിച്ചവരും 3,397 പേർ തൊഴിൽനിയമം ലംഘിച്ചവരും 3,654 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

To advertise here,

നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,418 പേരെയും പിടികൂടി. ഇവരിൽ 54 ശതമാനം യമൻ സ്വദേശികളും 45 ശതമാനം എത്യോപ്യൻ സ്വദേശികളും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 23 പേരെയും അറസ്റ്റ് ചെയ്തു.

നിയമലംഘകർക്ക് താമസസൗകര്യം ഒരുക്കുക, ജോലിയിൽ ഏർപ്പെടുത്തുക, ഒളിവിൽ കഴിയാൻ സഹായിക്കുക, ഗതാഗത സൗകര്യം നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് 17 പേർക്കെതിരെയും കേസെടുത്തു.

നിലവിൽ 30,679 പേർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇവരിൽ 28,187 പേർ പുരുഷന്മാരും 2,492 പേർ സ്ത്രീകളുമാണ്. 17,903 പേരെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. 5,424 പേരുടെ യാത്രാ നടപടികൾ പൂർത്തിയാക്കിയതായും 12,613 പേരെ ഇതിനകം നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു.

അനധികൃതമായി രാജ്യത്തേക്ക് കടന്നവരെ സഹായിക്കുകയോ താമസിപ്പിക്കുകയോ ജോലിയിൽ ഏർപ്പെടുത്തുകയോ ഗതാഗത സൗകര്യം നൽകുകയോ ചെയ്യുന്നവർക്ക് പരമാവധി 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും താമസസ്ഥലവും പിടിച്ചെടുക്കുകയും പ്രതികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911-ലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 അല്ലെങ്കിൽ 996 നമ്പറുകളിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.