കൊല്ലം: തിളച്ച എണ്ണയിലേക്ക് പ്ലാസ്റ്റിക് ഉരുക്കിചേർത്ത് പലഹാരമുണ്ടാക്കിയ കട അടപ്പിച്ച് അധികൃതർ. കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഒരു കടയിലാണ് പ്ലാസ്റ്റിക് എണ്ണയില്‍ ഉരുക്കിക്കൊണ്ട് കച്ചവടം നടത്തിയിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഇക്കാര്യം അധികൃതരെ അറിയിക്കുന്നത്. തുടർന്ന്, കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം കട അടപ്പിക്കുകയായിരുന്നു. 

To advertise here,

എണ്ണ കൊണ്ടുവന്നിരുന്ന പ്ലാസ്റ്റിക് കവര്‍ അതേപടി എണ്ണിയിലേക്കിട്ട് ഉരുക്കിയെടുക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. വിഷയത്തിൽ നാട്ടുകാർ പരാതി ഉന്നയിച്ചതോടെ കടയിലുണ്ടായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ എണ്ണ പുറത്തേക്ക് കളയുകയായിരുന്നു. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലേക്കാണ് ഈ പലഹാരം എത്തിക്കുന്നത് എന്നാണ് വിവരം. പഴമ്പൊരിയും ഉഴുന്നവടയും ഉണ്ടാക്കുന്ന എണ്ണയിലാണ് ഈ രീതിയിൽ പ്ലാസ്റ്റിക് ഉരുക്കിചേർത്തത്. 

ലൈസന്‍സില്ലാതെയാണ് ഈ കട പ്രവർത്തിച്ചിരുന്നതെന്ന് കോർപ്പറേഷൻ ആരോ​ഗ്യവിഭാ​ഗം ഉദ്യോ​ഗസ്ഥൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്ലാസ്റ്റിക് ഉരുക്കി പലഹാരങ്ങളുണ്ടാക്കുന്ന എണ്ണയിലേക്ക് ചേര്‍ക്കുകയായിരുന്നു എന്ന് വ്യക്തമായി. ഈ സാധനങ്ങളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡുമില്ലാതെയാണ് കട പ്രവർത്തിച്ചിരുന്നത്. ബോധപൂര്‍വം ലാഭത്തിന് വേണ്ടിയാണ് ഇത് ചെയ്തിരിക്കുന്നത്. നടപടിയുമായി മുന്നോട്ട് പോകും. ഇത് കഴിച്ചാൽ കാന്‍സര്‍ ഉണ്ടാകും. ഭക്ഷണത്തിനകത്ത് പ്ലാസ്റ്റിക് ഉരുക്കിചേര്‍ക്കുക എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ വരെ ഇത് കഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.