ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ വൻ മയക്കുമരുന്ന് കടത്ത് ശ്രമം അതിർത്തി സുരക്ഷാസേന തടഞ്ഞു. അൽ അർദ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 65,685 നിരോധിത ഗുളികകളും 60 കിലോ ഹാഷിഷും കടത്താൻ ശ്രമിച്ച എത്യോപ്യൻ പൗരൻ പിടിയിലായത്.

To advertise here,

അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരവും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

മയക്കുമരുന്ന് കടത്തോ വിതരണമോ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ സുരക്ഷാ അധികൃതരെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911, രാജ്യത്തിന്റെ മറ്റ് മേഖലകളിൽ 999, അതിർത്തി സുരക്ഷാസേനയ്ക്ക് 994, മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന് 995 എന്ന നമ്പറുകളിൽ വിവരമറിയിക്കാം. 995@gdnc.gov.sa എന്ന ഇ-മെയിൽ വഴിയും പരാതികളും വിവരങ്ങളും നൽകാം. വിവരദാതാക്കളുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.