സൗദിയിലെ മക്ക, മദീന പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായുള്ള ആസൂത്രണത്തിനും ബുക്ക് ചെയ്യുന്നതിനുമുള്ള ഒരു സമഗ്ര പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുന്നതാണ് സൗദിയിലെ നുസുക് ആപ്പ്. 

To advertise here,

മക്ക: സൗദിയിലെ മക്ക മദീന വിശുദ്ധ പള്ളി സന്ദര്‍ശകര്‍ക്കും അതോടൊപ്പം ഉംറ ചെയ്യുവാനും മുന്‍കൂട്ടി ബുക്ക് ചെയ്യുവാനുള്ള നുസുക് ആപ്പ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനോടെ ഉപയോഗിക്കാന്‍ അധികൃതര്‍ അവസരമൊരുക്കി. മക്ക, മദീന തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും സേവനം മെച്ചപ്പെടുത്തുന്നതിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വികസിപ്പിച്ചെടുത്തതാണ് മൊബൈല്‍ ആപ്ലിക്കേഷനായ നുസുക് ആപ്പ്.

ഇതുവരെ പെയ്ഡ് ഡാറ്റ ഉപയോഗിച്ചായിരുന്നു നുസുക് ആപ്പ് പ്രവൃത്തിച്ചിരുന്നത്. എന്നാല്‍ തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഗമമാക്കുന്നതിനും ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ അനുഭവം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. സൗദി ടെലികോം ഓപ്പറേറ്റര്‍മാരായ എസ്ടിസി, മൊബിലി, സൈന്‍ എന്നിവയുമായി സഹകരിച്ച് സൗജന്യ ഡാറ്റ ഉപയോഗിച്ച് നുസുക് ആപ്ലിക്കേഷന്‍ പൂര്‍ണമായും ആക്സസ് ചെയ്യാനാകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.

സൗദിയിലെ സിം കാര്‍ഡ് ഉപയോക്താക്കളായ സൗദികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഡാറ്റ പ്ലാനോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലാതെ എല്ലാ നുസുക് സേവനങ്ങളും ഉപയോഗിക്കാന്‍ സാധിക്കും. ഉംറ, മദീന സന്ദര്‍ശന പെര്‍മിറ്റുകള്‍, റിസര്‍വേഷനുകള്‍ എന്നിവക്ക് ആപ്പ് ഉപയോഗിച്ചുവരുന്നു. ഡാറ്റ ഉപയോഗിക്കാതെ റൗദ ശരീഫിലേക്കുള്ള പെര്‍മിറ്റുകള്‍ നല്‍കും. ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാനും നുസുക് മാപ്സ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുന്നതിനും സൗജന്യമായി കഴിയും.