മക്ക: സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ സാങ്കേതിക സംവിധാനമായ 'നുസുക് ആപ്പ്' ഈദ് അല്‍-അദ്ഹയുടെ ആദ്യ ദിവസം തന്നെ തീര്‍ഥാടകരെ സേവിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഈദ് അല്‍-അദ്ഹയില്‍ (ബലിപെരുന്നാള്‍) 35,000-ത്തിലധികം തീര്‍ഥാടകരെയാണ് സേവിച്ചത്. ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ സംയോജിത സാങ്കേതിക പ്രവര്‍ത്തന സേവനം എത്രമാത്രം പ്രയോജനമാകുന്നുവെന്നതിന്റെ തെളിവാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

To advertise here,

ഹജ്ജ് തീര്‍ഥാടകരുടെ തടസ്സമില്ലാത്ത നീക്കത്തിനും പുണ്യസ്ഥലങ്ങളിലുടനീളം ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്നതിനും സാങ്കേതികവിദ്യ ഏറെ പ്രയോജനകരമായി.

100-ലധികം രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുകയും 10 വ്യത്യസ്ത ഭാഷകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നുസുക് ആപ്പ് തീര്‍ഥാടകരുടെ വരവും അനുഷ്ഠാന കര്‍മ്മങ്ങളും സുഗമമാക്കുന്നതിന് 120-ലധികം ഡിജിറ്റല്‍ സേവനങ്ങളാണ് നല്‍കുന്നത്. 25 സര്‍ക്കാര്‍ ഏജന്‍സികളുമായും 10 സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായും നേരിട്ടുള്ള ലിങ്ക് ചെയ്തിട്ടുണ്ട്. തീര്‍ഥാടന യാത്രയ്ക്കുള്ള സമഗ്രവും സംയോജിതവുമായ ഒരു പ്ലാറ്റ്ഫോമായി 'നുസുക് ആപ്പ്' മാറിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ഹജ്ജിനായി 'നുസുക് ആപ്പ്' വഴി മന്ത്രാലയം 30-ലധികം അധിക സേവനങ്ങളാണ് അവതരിപ്പിച്ചത്. നുസുക് എഐ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഈ സംവേദനാത്മക ഡിജിറ്റല്‍ സേവനം ഹാജിമാര്‍ക്ക് അവബോധവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കി സഹായിച്ചു. തീര്‍ഥാടകരുടെ അന്വേഷണങ്ങള്‍ക്ക് ശബ്ദത്തിലൂടെയും വാചകത്തിലൂടെയും ഒന്നിലധികം ഭാഷകളില്‍ മറുപടി നല്‍കി പ്രതികരിച്ചു. അതുവഴി ആശയവിനിമയ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും സമയബന്ധിതമായ വിവരങ്ങള്‍ നല്‍കി തീര്‍ഥാടകരെ സഹായിക്കുകയും ചെയ്തു.