മക്ക: ആറ് ദിവസം നീണ്ട് നില്‍ക്കുന്ന ഹജ്ജ് കര്‍മ്മത്തിലെ ആദ്യ ചടങ്ങ് തുടങ്ങുന്ന സ്ഥലമാണ് മിനാ. ചുറ്റും മലകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്‌വാരമാണ് മിനാ. ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു താഴ്‌വാരമാണ് ഇത്. ഇബ്രാഹിം നബിയും ഇസ്മായില്‍ നബിയും അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയനായ ഇടം.  

To advertise here,

തന്റെ ഏക മകന്‍ ഇസ്മായീലിനെ ദൈവത്തിനായി ബലിയര്‍പ്പിക്കണം എന്ന കല്‍പ്പന കൊണ്ടാണ് ഇബ്രാഹീം നബിയെ പരീക്ഷിക്കപ്പെട്ട താഴ്വാരം. ദൈവകല്‍പ്പന പ്രകാരം മകനെ ബലിയറുക്കാനായി ഇബ്രാഹീം നബി മിനായില്‍ എത്തി. മകന്‍ ഇസ്മായില്‍ അല്ലാഹുവിന്റെ കല്‍പ്പന നിറവേറ്റാന്‍ പിതാവിനോട് സമ്മതം പറഞ്ഞു. എന്നാല്‍ ബലിയറുക്കാനായി തുനിഞ്ഞ ഇബ്രാഹിം നബിയുടെ സന്നദ്ധത മനസ്സിലാക്കിയ അള്ളാഹു അദ്ദേഹത്തെ പിന്തിരിപ്പിച്ചതും ഇബ്രാഹിം നബിയും മകന്‍ ഇസ്മായിലും പരീക്ഷണത്തില്‍ വിജയിച്ചുവെന്നതും ചരിത്രം. ഈ ചരിത്രം അയവിറക്കുന്ന താഴ്‌വരയാണ് ഹജ്ജിന്റെ ആദ്യദിവസ ചടങ് നടക്കുന്ന മിനാ.  

വിശാലമായ ടെന്റ് സിറ്റിയിയാണ് മിനാ. കാര്യമായ കെട്ടിടങ്ങള്‍ ഇവിടെ ഇല്ല. എല്ലാ വര്‍ഷവും ടെന്റുകള്‍ പുതുക്കിപ്പണിയും. ഇത്തവണ പല നിലകളുള്ള ഹൈടെക് ടെന്റുകള്‍ നിരന്നിരിക്കുന്നു. മിനാ രാത്രി മുഴുവന്‍ പ്രകാശം പരത്തുന്ന തിളക്കമുള്ള ലൈറ്റുകളാല്‍ അലംകൃതമാണ്. തീര്‍ഥാടകരെ കൊണ്ടുപോകുന്ന ബസുകള്‍ക്കായി ടെന്റ് സിറ്റിയില്‍ വിശാലമായ റോഡുകളുടെ ശൃംഖല സജ്ജമാണ്. കല്ലെറിയല്‍ ചടങ്ങുകള്‍ക്കായി ജംറയിലേക്കു പോകുവാന്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യവും ഉണ്ട്.

രാത്രയില്‍ വിവിധ ലൈറ്റുകളുമായി പുണ്യസ്ഥലമായ മിനാ അതിമനോഹരമായി തിളങ്ങുമ്പോള്‍ പകല്‍ തൂവെള്ള വിതറി ഉറര്‍ന്നുനില്‍ക്കുന്ന കൂടാരം കൊണ്ട് മനോഹരമാണ്. വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ആരംഭം കുറിക്കുന്ന തര്‍വിയ ദിനം ചെലവഴിക്കാന്‍ ഹാജിമാര്‍ ഇവിടെ കഴിയുന്നു.

മക്കയിലെ ഹറമില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ചെറിയ താഴ്വരയാണ് മിനാ. നിരവധി തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിശാലമായ വെളുത്ത കൂടാരങ്ങളാണ് മിനായുടെ പ്രത്യേകത. കുടാരങ്ങള്‍ അഗ്‌നിബാധ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. തീര്‍ഥാടകരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിന് അവശ്യ സൗകര്യങ്ങളാല്‍ സജ്ജീകരിച്ചിരിക്കുന്നു. തീര്‍ഥാടന സീസണില്‍ 2.6 ദശലക്ഷത്തിലധികം തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു പ്രദേശമാണിവിടം.

ആധുനിക എഞ്ചിനീയറിങ്ങിന്റേയും ലോജിസ്റ്റിക്‌സിന്റെയും ഒരു അത്ഭുതമാണ് മിനായിലെ അടിസ്ഥാന സൗകര്യങ്ങള്‍. ഹാജിമാരുടെ വന്‍തോതിലുള്ള ഒഴുക്ക് സുഗമമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനായി വന്‍ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.