റിയാദ്: ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനുമായി സൗദി അറേബ്യയിൽ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വരുന്നു. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പരമാവധി 80 ലക്ഷം റിയാൽ പിഴയും ചുമത്തും. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമത്തിന് അംഗീകാരം നൽകിയത്.

To advertise here,

ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏകീകൃത നിയമസംവിധാനം ഒരുക്കുന്ന രാജ്യത്തെ ആദ്യ സമഗ്ര നിയമമാണിതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. ഇതോടെ നിലവിലുള്ള വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം, ഇ-കൊമേഴ്‌സ് നിയമം, വാണിജ്യ വിവര നിയമം എന്നിവയ്ക്ക് പകരം പുതിയ നിയമം വരും.

നിയമലംഘനങ്ങൾക്ക് പിഴയും തടവും കൂടാതെ സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കൽ, നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കൽ, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി വിവരങ്ങൾ പ്രസിദ്ധീകരിക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കും. ചെറിയ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള ലളിതമായ നടപടിക്രമങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അസാധാരണ സാഹചര്യങ്ങൾ, പ്രതിസന്ധികൾ, മഹാമാരികൾ എന്നിവയുണ്ടാകുമ്പോൾ ഉൽപ്പന്നങ്ങളുടെ വില അനാവശ്യമായി വർധിപ്പിക്കുന്നത് തടയാനും പ്രത്യേക വ്യവസ്ഥകളുണ്ട്. ഇത്തരം ഘട്ടങ്ങളിൽ താൽക്കാലിക വിലനിയന്ത്രണം ഏർപ്പെടുത്താനും പരമാവധി ലാഭവിഹിതം നിശ്ചയിക്കാനും വില വർധിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതി നിർബന്ധമാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന അന്യായമായ വ്യാപാരരീതികൾക്കും നിയമം തടയിടും. ഉപഭോക്താക്കൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഭീഷണിപ്പെടുത്തുകയോ സമ്മർദം ചെലുത്തുകയോ ചെയ്യുക, പ്രത്യേക പണമിടപാട് രീതികൾ ഉപയോഗിക്കുന്നതിന് അധിക ഫീസ് ഈടാക്കുക തുടങ്ങിയവ നിരോധിക്കും.

തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുക, ഉൽപ്പന്നങ്ങളുടെ പ്രധാന വിവരങ്ങൾ മറച്ചുവെക്കുക, വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുക തുടങ്ങിയ പ്രവൃത്തികളും നിയമവിരുദ്ധമാണ്. അതേസമയം, ഉൽപ്പന്നങ്ങളും സേവനങ്ങളും തമ്മിൽ താരതമ്യം ചെയ്ത് പരസ്യം നൽകാൻ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടാകും. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തതയോടെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനാകും.

ഓൺലൈൻ വ്യാപാരത്തിന് സമാനമായ ഉപഭോക്തൃ സംരക്ഷണം നേരിട്ട് കടകളിൽ എത്താതെ കരാറുകളിലൂടെ വാങ്ങുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഉറപ്പാക്കും.

കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങിയ പ്രത്യേക സംരക്ഷണം ആവശ്യമുള്ള വിഭാഗങ്ങളുടെ അവകാശങ്ങൾക്കും നിയമത്തിൽ പ്രത്യേക പരിഗണനയുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളിൽ അവരുടെ ജീവൻ, ആരോഗ്യം, സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാകുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്താനും വിലക്കുണ്ട്.

ഉപഭോക്തൃ സംരക്ഷണവും വിപണിയിലെ നിയന്ത്രണവും ഉറപ്പാക്കുന്നതിനായി 20 സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയായിരിക്കും നിയമം നടപ്പാക്കുക. ദോഷകരമായതും ഗുണനിലവാരമില്ലാത്തതും നിയമാനുസൃതമല്ലാത്തതുമായ ഉൽപ്പന്നങ്ങളിൽ നിന്നും സേവനങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനൊപ്പം, ഇതുമൂലം നാശനഷ്ടമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശവും പുതിയ നിയമം ഉറപ്പാക്കും.