റിയാദ്: സൗദി അറേബ്യയിൽ രാജ്യവ്യാപകമായി 173 അംഗീകൃത രക്തദാന കേന്ദ്രങ്ങളും രക്തദാന സൗകര്യങ്ങളുമുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ആശുപത്രികളിലെ രക്തശേഖരം ആവശ്യത്തിന് നിലനിർത്തുന്നതിനുമായി നടത്തുന്ന ദേശീയ രക്തദാന ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

To advertise here,

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത്. സർക്കാർ ആശുപത്രികൾ, ബ്ലഡ് ബാങ്കുകൾ, മറ്റ് രക്തദാന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 140 കേന്ദ്രങ്ങളാണ് മന്ത്രാലയത്തിന് കീഴിലുള്ളത്. ഇതിന് പുറമെ പൊതുസ്ഥലങ്ങൾ, പാർക്കുകൾ, നടപ്പാതകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ മൊബൈൽ രക്തദാന യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

സ്വകാര്യ ആരോഗ്യ മേഖലയിൽ 22 പ്രത്യേക ആശുപത്രികളും കേന്ദ്രങ്ങളും രക്തദാന സേവനം നൽകുന്നു. മറ്റ് ആരോഗ്യ മേഖലകളുടെ കീഴിൽ സൈനിക സ്ഥാപനങ്ങൾ, പ്രത്യേക ആശുപത്രികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട 11 കേന്ദ്രങ്ങളുമുണ്ട്.

പ്രദേശങ്ങൾ തിരിച്ചുള്ള കണക്കിൽ റിയാദിലാണ് ഏറ്റവും കൂടുതൽ രക്തദാന കേന്ദ്രങ്ങളുള്ളത്. 33 കേന്ദ്രങ്ങളാണ് റിയാദ് മേഖലയിലുള്ളത്. ജിസാൻ 17, അസീർ 16, കിഴക്കൻ പ്രവിശ്യ 12, ജിദ്ദ 11 എന്നിങ്ങനെയാണ് മറ്റ് പ്രധാന കേന്ദ്രങ്ങളുടെ എണ്ണം. മക്ക, മദീന, ഖസീം, അൽഅഹ്‌സ, തബൂക്ക് തുടങ്ങിയ പ്രദേശങ്ങളിലും രക്തദാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ശസ്ത്രക്രിയകൾ, അപകടങ്ങൾ, ഗുരുതര രോഗങ്ങൾ, ദീർഘകാല ചികിത്സ ആവശ്യമായ രോഗങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ രക്തവും രക്തഘടകങ്ങളും അത്യാവശ്യമാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആശുപത്രികളിലെ രക്തശേഖരം ആവശ്യത്തിന് ഉറപ്പാക്കുകയാണ് കേന്ദ്രങ്ങളുടെ വ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

രക്തദാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി രാവിലെ, വൈകുന്നേരം സമയങ്ങളിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചില പ്രധാന ആശുപത്രികളിൽ രാത്രി വൈകിയും രക്തദാതാക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ജോലിക്കു പോകുന്നവർക്കും മറ്റ് തിരക്കുള്ളവർക്കും സൗകര്യപ്രദമായ സമയത്ത് രക്തം ദാനം ചെയ്യാം.

കൂടുതൽ ആളുകളിലേക്ക് രക്തദാന സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി മൊബൈൽ യൂണിറ്റുകൾക്കും ഷോപ്പിങ് കേന്ദ്രങ്ങളിലെ രക്തദാന സൗകര്യങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. ഒതൈം മാർക്കറ്റുകൾ, അൽനസീം നടപ്പാത, തബൂക്ക് പാർക്ക് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലും ഇതിനായി കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

രക്തദാനം കൂടുതൽ ജനകീയമാക്കുന്നതിനും ആവശ്യക്കാർക്ക് സമയബന്ധിതമായി രക്തം ലഭ്യമാക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.