മദീന: 2025 വർഷത്തിൽ മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചത് 1.6 കോടിയിലധികം വിശ്വാസികളെന്ന് അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മദീന സന്ദർശകരുടെ സംതൃപ്തിനിരക്ക് 2022-ലെ 57 ശതമാനത്തിൽ നിന്ന് 88 ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സേവന വികസനത്തിന്റെയും തീർഥാടകർക്ക് മികച്ച അനുഭവം ഒരുക്കാനുള്ള ശ്രമങ്ങളുടെയും ഫലമായാണ് നേട്ടം കൈവരിക്കാനായതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
സൗദി വിഷൻ 2030-ന്റെ ഭാഗമായി നടപ്പാക്കിയ 'ദുയൂഫുറഹ്‌മാൻ' (അല്ലാഹുവിന്റെ അതിഥി) സേവന പദ്ധതി പ്രകാരം 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തിറങ്ങിയിരിക്കയാണ്. 'ആദരവും സ്വാധീനവും' എന്ന പ്രമേയത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഹജ്ജ്, ഉംറ, മദീന സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ കൈവരിച്ച പ്രധാന നേട്ടങ്ങളും തീർഥാടകർക്ക് ലഭ്യമാക്കിയ സൗകര്യങ്ങളിലെ പുരോഗതിയും വിശദീകരിക്കുന്നുണ്ട്.
2025-ൽ വിദേശ രാജ്യങ്ങളിൽ നിന്ന് 1.95 കോടിയിലധികം ഹജ്ജ്-ഉംറ തീർഥാടകരാണ് സൗദിയിലെത്തിയത്. ഇതിൽ 1.803 കോടി പേർ ഉംറ നിർവഹിക്കാനെത്തിയവരും 15 ലക്ഷം പേർ ഹജ്ജ് തീർഥാടകരുമാണ്. 2022-നെ അപേക്ഷിച്ച് ഉംറ തീർഥാടകരുടെ എണ്ണം 114 ശതമാനം വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. സേവനങ്ങളുടെ കാര്യക്ഷമതയും സംവിധാനങ്ങളുടെ മികച്ച സജ്ജീകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
തീർഥാടകരുടെ സംതൃപ്തി നിരക്കിലും ശ്രദ്ധേയമായ വർധനയുണ്ടായി. ഹജ്ജ് തീർഥാടകരിൽ 91 ശതമാനവും ഉംറ തീർഥാടകരിൽ 94 ശതമാനവും ലഭിച്ച സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ഈ രണ്ട് സൂചികകളിലും സൗദി വിഷൻ 2030 നിശ്ചയിച്ച ലക്ഷ്യങ്ങൾ മറികടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2025-ൽ 60-ലധികം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 87 പദ്ധതികൾ നടപ്പാക്കി. അവ 100 ശതമാനം വിജയകരമായി പൂർത്തിയാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. അല്ലാഹുവിന്റെ അതിഥികൾക്ക് മികച്ച സേവനം നൽകുകയെന്ന സൗദി അറേബ്യയുടെ ദീർഘകാല പ്രതിബദ്ധതയുടെ തുടർച്ചയാണിതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മക്കയിലും മദീനയിലുമായി തീർഥാടകരുടെ അനുഭവം സമ്പുഷ്ടമാക്കുന്ന 87 ചരിത്ര-പൈതൃക കേന്ദ്രങ്ങളും മതസാംസ്‌കാരിക സന്ദർശന കേന്ദ്രങ്ങളും വികസിപ്പിച്ചിട്ടുണ്ടെന്നും, ഇവ 2025-ൽ 5.5 കോടിയിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, 2025-ൽ ഹജ്ജ്-ഉംറ തീർഥാടകരെ സേവിക്കുന്നതിനായി 1.84 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ സേവനമനുഷ്ഠിച്ചതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് സന്നദ്ധസേവന സംസ്‌കാരം കൂടുതൽ ശക്തിപ്പെടുന്നതിന്റെ തെളിവാണ് ഇതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
അന്താരാഷ്ട്ര സൂചികകളിലും സൗദി നഗരങ്ങൾ മികച്ച നേട്ടം കൈവരിച്ചു. അന്താരാഷ്ട്ര സന്ദർശകരെ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ മക്ക അഞ്ചാം സ്ഥാനവും, ടൂറിസം പ്രകടന സൂചികയിൽ മദീന ഏഴാം സ്ഥാനവും നേടി.
ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനത്തിന്റെ ഭാഗമായി, 2025-ൽ ഉംറ, സന്ദർശന, മറ്റ് വിഭാഗങ്ങൾ ഉൾപ്പെടെ ആകെ 1.503 കോടി വിസകൾ അനുവദിച്ചു. ഇതിൽ 83 ശതമാനവും ഉംറ വിസകളായിരുന്നു. പാകിസ്താൻ, ഇൻഡോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ഉംറ വിസ ലഭിച്ച രാജ്യങ്ങൾ. തീർഥാടകരുടെ യാത്ര കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കാൻ വിവിധ സർക്കാർ സംവിധാനങ്ങൾ ഏകോപിതമായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടങ്ങളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: 16 million+ visitors to Masjid an-Nabawi in 2025., Visitor satisfaction rate reached 88% in Madinah., 19.5 million total Hajj and Umrah pilgrims arrived in 2025., 87 development projects completed in Makkah and Madinah., Digital visa issuance reached 15.03 million for pilgrims.
Published: 04 Aug 2026, 03:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented