തബൂക്ക്: പ്രവാസജീവിതത്തിന്റെ ദുരിതപൂർണമായ രണ്ട് വർഷങ്ങൾക്കൊടുവിൽ രാജസ്ഥാൻ സ്വദേശിയായ കലാറാമിന് നാട്ടിലേക്ക് മടങ്ങാൻ മലയാളി സാമൂഹിക പ്രവർത്തകൻ ഉണ്ണി മുണ്ടുപറമ്പിന്റെ നിസ്വാർത്ഥ ഇടപെടൽ വഴിയൊരുക്കി. ജോധ്പൂർ സ്വദേശിയായ കലാറാം (41) ഡ്രൈവർ വിസയിലാണ് രണ്ട് വർഷം മുമ്പ് സൗദിയിലെത്തിയത്. എന്നാൽ തബൂക്കിൽ എത്തിയ ഉടൻ തന്നെ നഗരത്തിൽ നിന്ന് 450 കിലോമീറ്ററോളം അകലെയുള്ള മരുഭൂമിയിൽ ആടുകളെ മേയ്ക്കുന്ന ജോലിയിലേക്കാണ് സ്പോൺസർ നിയോഗിച്ചത്.

To advertise here,

ഭാഷ അറിയാത്തതും മനുഷ്യവാസമോ കടകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതുമായ മരുഭൂമിയിൽ ആടുകളും കരിന്തേളുകളും മാത്രമായിരുന്നു കലാറാമിന്റെ കൂട്ടുകാർ. നാല് മരക്കഷ്ണങ്ങൾ കൊണ്ട് തയ്യാറാക്കിയ ബെഞ്ചിന് മുകളിൽ തുണി വിരിച്ചായിരുന്നു താമസം. ആടുകൾക്കായി എത്തിക്കുന്ന ടാങ്കർ വെള്ളമായിരുന്നു കുടിക്കാനും ഉപയോഗിക്കാനും ആശ്രയം. ഒരാഴ്ചത്തേക്കുള്ള ഖുബൂസ് (റൊട്ടി) മാത്രമാണ് ഭക്ഷണമായി ലഭിച്ചിരുന്നത്.

രാവിലെ ആടുകളെയും കൊണ്ട് തീറ്റ തേടി മരുഭൂമിയിലേക്ക് ഇറങ്ങുകയും വൈകിട്ട് തിരിച്ചെത്തുകയും ചെയ്യുന്നതായിരുന്നു ദിനചര്യ. ഇതിനിടയിൽ സ്പോൺസറുടെ മകന്റെ ഭാഗത്തുനിന്നുള്ള ദേഹോപദ്രവവും നേരിടേണ്ടിവന്നു. ഇഖാമയോ(തിരിച്ചറിയൽ രേഖ) ഇൻഷുറൻസോ ലഭിച്ചിരുന്നില്ല. അസുഖം വന്നാൽ പനഡോൾ പോലുള്ള മരുന്നുകൾ മാത്രമാണ് നൽകിയിരുന്നത്.
ആദ്യഘട്ടത്തിൽ ശമ്പളം ലഭിച്ചിരുന്നെങ്കിലും പിന്നീട് തുടർച്ചയായി 11 മാസത്തെ ശമ്പളം കുടിശ്ശികയായി. ഇതോടെ എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന തീരുമാനത്തിലായിരുന്നു കലാറാം. ഒടുവിൽ ഒരു ദിവസം മരുഭൂമിയിൽ നിന്ന് ഇറങ്ങി, വെള്ളമെത്തിക്കുന്ന ലോറിയുടെ ടയർ പാടുകൾ പിന്തുടർന്ന് റോഡിലെത്തുകയായിരുന്നു. ലഭിച്ച വാഹനത്തിൽ തബൂക്കിലെത്തിയ ശേഷം ഒരു ടാക്സി ഡ്രൈവറാണ് സാമൂഹിക പ്രവർത്തകൻ ഉണ്ണി മുണ്ടുപറമ്പിന്റെ ഫോൺ നമ്പർ നൽകിയത്.

അടുത്ത ദിവസം തന്നെ ഉണ്ണി മുണ്ടുപറമ്കമ്പ് കലാറാമിനേയുംകൂട്ടി ലേബർ കോടതിയിലെത്തി. കാര്യങ്ങൾ വിശദീകരിച്ചതോടെ പാസ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. പാസ്പോർട്ട് സ്പോൺസറുടെ കൈവശമാണെന്ന് അറിയിച്ചതിനെ തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ടു. 11 മാസത്തെ ശമ്പള കുടിശ്ശികയും പാസ്പോർട്ടും കൈമാറണമെന്ന് ലേബർ കോടതി നിർദേശിച്ചെങ്കിലും സ്പോൺസർ അതിന് തയ്യാറായില്ല.
തുടർന്ന് കേസ് കോടതിയിലേക്ക് മാറ്റേണ്ടിവരുമെന്നും ശമ്പള കുടിശ്ശിക ലഭിക്കാൻ സമയമെടുക്കുമെന്നും അധികൃതർ ഉണ്ണിയെ അറിയിച്ചു. അതുവരെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കലാറാമിന് വലിയ ബുദ്ധിമുട്ടാകുമെന്ന സാഹചര്യത്തിൽ, “ശമ്പളമോ മറ്റൊന്നും വേണ്ട, എനിക്ക് എന്റെ കുടുംബത്തിനടുത്തേക്ക് എത്തിയാൽ മതി” എന്നായിരുന്നു കലാറാമിന്റെ പ്രതികരണം.
തുടർന്ന് ലേബർ കോടതി ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി സൗദിയിൽനിന്നും തിരികെ നാട്ടിലേക്ക് പോകുവാനുള്ള ഫൈനൽ എക്സിറ്റിനുള്ള നടപടികൾ ആരംഭിച്ചു. ഉണ്ണിയുടെ ഇടപെടലിനെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റും (EC) ലഭ്യമാക്കി. തബൂക്ക് ഡീപോർട്ടേഷൻ സെന്ററിന്റെ സഹായത്തോടെ ഫൈനൽ എക്സിറ്റും നേടി.

യാത്രയ്ക്കാവശ്യമായ വിമാന ടിക്കറ്റ് ഒരുക്കാനും ഉണ്ണി ഇടപെട്ടു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ടിക്കറ്റ് നൽകാൻ തയ്യാറായി. പ്രതീക്ഷയോടെ ഗൾഫ് സ്വപ്നവുമായി എത്തിയ കലാറാം തിക്താനുഭവങ്ങൾക്ക് വിടചൊല്ലി കഴിഞ്ഞ ദിവസം വൈകിട്ട് തബൂക്കിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് യാത്രതിരിച്ചു. രണ്ട് വർഷത്തെ മരുഭൂമിജീവിതത്തിന് ശേഷം കുടുംബത്തിലേക്ക് മടങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് കലാറാം യാത്ര തിരിച്ചത്. സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, തബൂക്ക് ലേബർ കോടതി, ഡീപോർട്ടേഷൻ സെന്റർ പാസ്പോർട്ട് വിഭാഗം, എയർ അറേബ്യ എന്നിവരുടെ സഹകരണവും ഈ മടക്കയാത്രയ്ക്ക് വഴിയൊരുക്കി.