ജിദ്ദ: സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് പ്രകൃതിയുടെ പച്ചപ്പിനിടയിൽ സംഘടിപ്പിച്ച ഈദ് സംഗമത്തിലൂടെ ജിദ്ദയിലെ അഞ്ചച്ചവടി പ്രവാസി സംഘം ശ്രദ്ധേയമായി. ജിദ്ദയിലെ ഗ്രീൻ വാലി ബഹറയിലെ മനോഹരമായ പൂന്തോട്ട കൃഷിയിടത്തിൽ നടന്ന സംഗമത്തിൽ സംഘടനാംഗങ്ങളും കുടുംബാംഗങ്ങളും ആവേശപൂർവം പങ്കെടുത്തു.

To advertise here,

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിൽ കുടുംബസമേതം ഒത്തുചേർന്ന അംഗങ്ങൾ ഈദ് ദിനത്തെ ആഘോഷമാക്കി മാറ്റുകയായിരുന്നു. പച്ചപ്പും പൂക്കളുടെ മനോഹാരിതയും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന സംഗമം പങ്കെടുത്തവർക്ക് പുതുമയാർന്ന അനുഭവമായി.

അൻവർ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുജീബ് ആലുങ്ങൽ, എൻ.ടി. നൗഷാദ്, എൻ.ടി. നൗഫൽ, ഷാനവാസ് പൂളക്കൽ, വി.പി. റസാഖ് എന്നിവർ ഈദിന്റെ മഹത്തായ സന്ദേശവും പ്രവാസി സമൂഹത്തിലെ ഐക്യത്തിന്റെ പ്രാധാന്യവും പങ്കുവെച്ച് സംസാരിച്ചു.

ഫർസാന യാസിർ, ഹസീന അഷറഫ്, മൻസൂർ എടക്കര, കെ.ടി. അജ്‌സൽ, എൻ.ടി. നൗഫൽ എന്നിവർ അവതരിപ്പിച്ച ഈദ് ഗാനങ്ങൾ ആഘോഷത്തിന് കൂടുതൽ മിഴിവേകി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ക്വിസ് മത്സരവും വിവിധ വിനോദ പരിപാടികളും സംഗമത്തെ സജീവമാക്കി.

മത്സര വിജയികൾക്ക് അൻവർ പാലത്തിങ്ങൽ, ഷാനവാസ് പൂളക്കൽ, മൻസൂർ എടക്കര എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബബന്ധങ്ങളും സൗഹൃദവും കൂടുതൽ ദൃഢമാക്കിയ സംഗമം പങ്കെടുത്തവർക്ക് മറക്കാനാവാത്ത ഓർമ്മകളാണ് സമ്മാനിച്ചത്. മജീദ് അഞ്ചച്ചവടി സ്വാഗതവും ഇ.പി. അയ്യൂബ് നന്ദിയും രേഖപ്പെടുത്തി.